ഇടത് കണ്ണിന് നല്‍കേണ്ട കുത്തിവയ്പ്പ് വലത് കണ്ണിന് മാറി നല്‍കിയ സര്‍ക്കാര്‍ കണ്ണാശുപത്രിയിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരത്തെ ആശുപത്രിയിലെ അസിസ്റ്റൻ്റ് പ്രഫസറായ എസ് എസ് സുജീഷിനെയാണ് ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ബീമാപ്പള്ളി സ്വദേശിനിയായ അസൂറ ബീവിക്കാണ് ദുരവസ്ഥയുണ്ടായത്. അസൂറ ബീവിയുടെ ഇടതു കണ്ണിന് കാഴ്ചക്കുറവ് ഉണ്ടായിരുന്നു. ചികില്‍സയുടെ ഭാഗമായി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തി.

ഡോക്ടറുടെ ആവശ്യപ്രകാരം കണ്ണില്‍ ഇഞ്ചക്ഷന്‍ ചെയ്യാനുള്ള മരുന്ന് വാങ്ങി നല്‍കുകയും ചെയ്തു. അഡ്മിറ്റ് ആയതിന് ശേഷം ഇടതുകണ്ണ് ക്ലീന്‍ ചെയ്തു. ഇടതു കണ്ണിന് എടുക്കേണ്ട ഇഞ്ചക്ഷന്‍ പിന്നീട് വലതുകണ്ണിന് എടുക്കുകയായിരുന്നു. കുടുംബത്തിന് ചികിത്സാ പിഴവ് ബോധ്യപ്പെട്ടതോടെ ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചു. സംഭവത്തിന് പിന്നാലെ ഒപി ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാന്‍ ആശുപത്രി അധികൃതര്‍ സമ്മതിച്ചില്ലെന്നും പരാതിയുണ്ട്.

Related Posts