നടന്‍ വിജയ് മധുരയില്‍ നിന്നും 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് തമിഴക വെട്രി കഴകം. വിജയിച്ചാല്‍ മുഖ്യമന്ത്രി എന്ന രീതിയിലായിരിക്കും പ്രചാരണമെന്ന് ടിവികെ നേതാക്കള്‍ പറഞ്ഞു. വിജയ് ആഗ്രഹിക്കുന്നത് മധുര വെസ്റ്റ് നിയോജക മണ്ഡലത്തില്‍ നിന്നും മല്‍സരിക്കാനാണ്. വിജയ് മധുരയില്‍ മത്സരിക്കുമെന്നും ഒരു ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും വ്യക്തമാക്കി. പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മധുര വെസ്റ്റ് മണ്ഡലത്തില്‍ 1980-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നു മല്‍സരിച്ചു വിജയിച്ചാണ് എംജിആര്‍ രാഷ്ട്രീയത്തില്‍ അതികായനായി മാറിയത്. വിജയ് ഇക്കാരണത്താലാണ് ഇതേ മണ്ഡലത്തില്‍ കന്നിയങ്കം കുറിക്കാന്‍ ആഗ്രഹിക്കുന്നത്. വിക്രവാണ്ടിയില്‍ നടന്ന ടിവികെ സമ്മേളനത്തില്‍ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ പാര്‍ട്ടിയുടെ നയങ്ങളും പതാകയും വിജയ് പുറത്തിറക്കിയിരുന്നു.

നിലവില്‍ അഭിനയിക്കുന്ന സിനിമ പൂര്‍ത്തിയാക്കിയശേഷം മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനാണ് വിജയിൻ്റെ തീരുമാനം. വിജയില്‍ നിന്ന് ജന്മദിനമായ ജൂണ്‍ 22-ന് കൂടുതല്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് ടിവികെ നേതാക്കള്‍ വ്യക്തമാക്കി. ഡിഎംകെ-അണ്ണാഡിഎംകെ-ബിജെപി മുന്നണികള്‍ക്കെതിരെയാണ് തൻ്റെ മത്സരമെന്ന് വിജയിയും പാര്‍ട്ടിയും വ്യക്തമാക്കിയിരുന്നു.

Related Posts