മോഷണക്കുറ്റം ചുമത്തി പോലീസ് സ്റ്റേഷനിൽ യുവതി മാനസീക പീഡനത്തിന് ഇരയായ സംഭവത്തിൽ പേരൂർക്കട സ്റ്റേഷനിലെ എഎസ്ഐ പ്രസന്നനേയും സസ്പെൻഡ് ചെയ്തു. ബിന്ദുവിനെ 20 മണിക്കൂർ പോലീസ് സ്റ്റേഷനിൽ നിർത്തിയ പോലീസിൻ്റെ നടപടിയിൽ ബിന്ദുവിനെതിരേ ഏറ്റവും മോശമായി പെരുമാറിയത് പ്രസന്നൻ ആയിരുന്നെന്നാണ് ബിന്ദു നേരത്തേ പ്രതികരിച്ചത്.
കേസിൽ നേരത്തേ സ്റ്റേഷൻ എസ്ഐ പ്രസാദിനെയും സസ്പെൻ്റ് ചെയ്തിരുന്നു. എന്നാൽ ഈ നടപടിയിൽ താൻ തൃപ്തയല്ലെന്നും തന്നെ ഏറ്റവും അപമാനിച്ചത് പ്രസന്നൻ ആയിരുന്നെന്ന് ബിന്ദു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.
വ്യാജ മോഷണക്കുറ്റത്തിന് സ്റ്റേഷനിൽ നിർത്തിയ പോലീസ് കഴിക്കാൻ ഭക്ഷണമോ കുടിക്കാൻ വെള്ളമോ നൽകിയില്ല. വെള്ളം ചോദിച്ചപ്പോൾ ബാത്ത്റൂമിലെ ബക്കറ്റിൽ കാണും പോയി എടുത്തു കുടിക്കാൻ പറഞ്ഞ പ്രസന്നൻ ബിന്ദുവിനെ കാര്യമായി മാനസീക പീഡനത്തിന് ഇരയാക്കുകയും ചെയ്തു.
ഇനിയൊരു പോലീസുകാരൻ കൂടിയുണ്ടെന്നും കേസിൽ ബിന്ദു ആക്ഷേപിച്ചിരുന്നു. കണ്ടാലറിയാവുന്ന ഒരു പോലീസുകാരനെതിരേയും ബിന്ദു നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാൾ വീട്ടിൽ കൊണ്ടുപോയി ആക്കിയപ്പോൾ അസഭ്യം പറയുകയും മർദ്ദിക്കാൻ കയ്യുയർത്തുകയും ചെയ്തതായി ബിന്ദു ആരോപിച്ചു. തന്നെ കള്ളക്കേസിൽ കുടുക്കിയ ഓമനാ ഡാനിയേലിനെതിരേ പരാതിയുമായി മുമ്പോട്ട് പോകുമെന്നും ബിന്ദു പ്രതികരിച്ചിട്ടുണ്ട്. ചട്ടവിരുദ്ധമായി പ്രവർത്തിച്ച പോലീസുകാരെ പിരിച്ചു വിടണമെന്നാണ് ബിന്ദു പറയുന്നത്.