ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത കഥാപാത്രങ്ങളാണ്. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ പ്രേക്ഷകർ കൈയടിച്ചു സ്വീകരിച്ചത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്‌ത ഈ ചിത്രങ്ങൾ ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മിച്ചത്.

കൊച്ചി കലൂരിലുള്ള ഐ.എം.എ ഹാളിൽ വെച്ച് മേയ് 10 ശനിയാഴ്ച്ച ആട്-3 യുടെ തിരിതെളിഞ്ഞു. ആട്-സിരിസ്സിലെ ബഹുഭൂരിപക്ഷം വരുന്ന അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ ഷാജി പാപ്പൻ്റെ ജ്യേഷ്‌ഠസഹോദരൻ തോമസ് പാപ്പനെ അവതരിപ്പിച്ച രൺജി പണിക്കർ ആദ്യ തിരി തെളിയിച്ചു കൊണ്ടാണ് ആട് മൂന്നാം ഭാഗത്തിന് ഔദ്യോഗികമായ ആരംഭം കുറിച്ചത്. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും ചിത്രത്തിൻ്റെ അഭിനേതാക്കളും, അണിയറപ്രവർത്തകരും ചേർന്ന് ചടങ്ങ് പൂർത്തീകരിച്ചു.

ഉണ്ണി മുകുന്ദൻ ഫസ്റ്റ് ക്ലാപ്പും, നടൻ ഷറഫുദ്ദീൻ സ്വിച്ചോൺ കർമ്മവും നൽകി ചിത്രീകരണത്തിനും തുടക്കമിട്ടു. സൈജുക്കുറുപ്പ്, ജയസൂര്യ, രഞ്ജി പണിക്കർ, നോബി, നെൽസൺ, ഭഗത് മാനുവൽ, ആൻസൻ പോൾ, സിന്ധാ, ഡോ. റോണി രാജ്, ചെമ്പിൽ അശോകൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. സംവിധായകനായ മിഥുൻ മാനുവൽ തോമസാണ് ആമുഖമായി സംസാരിച്ചത്. ആട് ഒന്നും രണ്ടും ഭാഗങ്ങളിലെ എല്ലാ അഭിനേതാക്കളും മൂന്നാം ഭാഗത്തിലുമുണ്ട്. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളുമുണ്ടന്ന് മിഥുൻ മാനുവൽ തോമസ് വ്യക്തമാക്കി. ഫാൻ്റസി, ഹ്യൂമർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.

മേയ് 15 ന് നൂറ്റിഇരുപതോളം ദിവസം നീണ്ടുനിൽക്കുന്ന ചിത്രീകരണം പാലക്കാട്ടാണ് ആരംഭിക്കുന്നത്. മൂന്നു ഷെഡ്യൂളുകളോടെ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് ചിത്രീകരണം പൂർത്തിയാകുന്നതെന്ന് വിജയ് ബാബു അറിയിച്ചു. വിനായകൻ അജു വർഗീസ്, ഇന്ദ്രൻസ്, ധർമ്മജൻ ബൊൾ ഗാട്ടി ഹരികൃഷ്‌ണൻ, വിനീത് മോഹൻ ഉണ്ണിരാജൻ.പി.ദേവ്, എന്നിവരും ആടിലെ പ്രധാന താരങ്ങളാണ്.

Related Posts