കർണാടക ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെയുള്ള രാത്രികാല ഗതാഗത നിരോധനം തുടരുമെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മൈസൂരു-കുടക് എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർ പറഞ്ഞു. കോൺഗ്രസ് ഹൈകമാൻഡിൻ്റെ സമ്മർദത്തിന് വഴങ്ങി, കർണാടക സർക്കാർ ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിനുള്ളിലെ രാത്രികാല ഗതാഗത നിരോധനം പിൻവലിക്കുകയാണെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് എം.പി രാത്രിയാത്ര നിരോധനം ഉറപ്പാക്കാൻ കേന്ദ്രം നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയത്.
വനം മന്ത്രി ഭൂപേന്ദ്ര യാദവുമായി ചർച്ച നടത്തിയതായും ഉന്നയിച്ച ആശങ്കകൾക്ക് അദ്ദേഹം മറുപടി നൽകിയതായും എം.പി പറഞ്ഞു. രാത്രികാലങ്ങളിൽ നിലവിലുള്ള ഗതാഗത നിയന്ത്രണങ്ങളെ ന്യായീകരിച്ച് സുപ്രീം കോടതിയിൽ ഉചിതമായ സത്യവാങ്മൂലം കേന്ദ്രം സമർപ്പിക്കും. ലോക്സഭാ ബജറ്റ് സമ്മേളനത്തിൻ്റെ ശൂന്യവേളയിൽ വിഷയം ഉന്നയിച്ച എം.പി, ബന്ദിപ്പൂരിൻ്റെ പാരിസ്ഥിതിക പ്രാധാന്യവും നിരോധനം പിൻവലിക്കുന്നതിലൂടെ ഉണ്ടാകാവുന്ന ഭീഷണികളും എടുത്തുകാട്ടി കടുവകളുടെ ദീർഘകാല സംരക്ഷണത്തിനും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിനും കേന്ദ്രം മുൻഗണന നൽകുമെന്ന് കേന്ദ്രമന്ത്രി പാർലമെൻ്റിന് ഉറപ്പുനൽകി.