മുംബൈ താനെയിൽ യുവതിയെയും മൂന്ന് മക്കളെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. താനെയ്ക്ക് സമീപം ഭിവാന്‍ഡിയിലാണ് സംഭവം. ഭിവാന്‍ഡിയിലെ ടെക്‌സ്റ്റൈല്‍ മില്‍ തൊഴിലാളിയായ ലാല്‍ജി ഭന്‍വാരിലാല ഭാരതിയുടെ ഭാര്യ പുനിത(31), മക്കളായ നന്ദിനി(12), നേഹ(7), അനു(4) എന്നിവരാണ് മരിച്ചത്. ലാല്‍ജി ശനിയാഴ്ച രാവിലെ ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെയും മൂന്ന് മക്കളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഷിഫ്റ്റിലായിരുന്നു ലാല്‍ജിയ്ക്ക് ജോലി.
ഇദ്ദേഹം ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍ ഏറെനേരം വിളിച്ചിട്ടും ആരും വാതില്‍ തുറന്നില്ല. തുടര്‍ന്ന് ജനലുകള്‍ക്കിടയിലൂടെ നോക്കിയപ്പോളാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടതെന്നാണ് മൊഴി. വീട്ടില്‍ നിന്ന് പുനിത എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. മരണത്തിന് ആരും ഉത്തരവാദിയല്ലെന്നാണ് ഇതില്‍ എഴുതിയിരിക്കുന്നതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.