കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതി അസം സ്വദേശി അമിത് തന്നെയെന്നുറപ്പിച്ച് പോലീസ്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങളാണ് എല്ലാത്തിനും തെളിവായി ലഭിച്ചിരിക്കുന്നത്. പോലീസിൻ്റെ നിഗമനം അതിക്രൂര കൊലപാതകം അമിത് ഒറ്റയ്ക്കാണ് നടത്തിയതെന്നാണ്. വിജയകുമാറിനെയും മീരയെയും ചോര വാർന്ന് മരിച്ച നിലയിൽ ഇരുമുറികളിലായി കണ്ടെത്തിയത് കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടിലെത്തിയ ജോലിക്കാരിയാണ്. വിജയകുമാറിൻ്റെയും ഭാര്യയുടെയും മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.
ഇരട്ടക്കൊലപാതകം നടന്ന വീട്ടിലെത്തി സിബിഐ സംഘം പരിശോധന നടത്തിയിരുന്നു. ഇവരുടെ വീട്ടിൽ ജോലി ചെയ്തിരുന്നയാളാണ് അമിത്. നേരത്തെ വീട്ടുജോലിക്കായി നിന്നിരുന്ന ഇയാളെ മൊബൈൽ മോഷണത്തിൻ്റെ പേരിൽ വിജയകുമാർ വീട്ടിൽ നിന്നും പറഞ്ഞുവിടുകയായിരുന്നു. അമിത് ഇതിൻ്റെ വൈരാഗ്യത്തിലാണോ കൊലപാതകമെന്നതിൽ സ്ഥിരീകരണം ഇല്ല. സംഭവ സ്ഥലത്ത് നിന്നും കോടാലിയും വീടിന് സമീപത്തെ ഗേറ്റിന് അടുത്ത് നിന്ന് അമ്മിക്കല്ലും കണ്ടെത്തിയിരുന്നു. ആസൂത്രിതമായാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.