രാജ്യത്തെ 42,000ത്തോളം പേരുടെ ഹജ്ജ് യാത്ര അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സൗദി അറേബ്യ സന്ദർശനത്തിനിടെ ചർച്ച നടക്കുമെന്ന് കേന്ദ്ര വിദേശ സെക്രട്ടറി വിക്രം മിസ്തി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടരുകയാണ്. ന്യൂനപക്ഷ മന്ത്രാലയം സ്വകാര്യ ഓപറേറ്റർമാരോട് തയാറായി നിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.
നിരവധി ആഗോള, ഉഭയകക്ഷി വിഷയങ്ങളിൽ ചർച്ച നടക്കും. വിവിധ ഉഭയകക്ഷി കരാറുകളിൽ ഇരുകുട്ടരും ഒപ്പുവെക്കും. രണ്ടു ദിവസത്തെ സന്ദർശനത്തിന് 22ന് ആണ് പ്രധാനമന്ത്രി ജിദ്ദയിലെത്തുന്നത്. വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് കമ്പയിൻഡ് ഹജ്ജ് ഗ്രൂപ് ഓപറേറ്റർമാർ പരാതി നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുമ്പേ വിഷയത്തിൽ സൗദി അധികൃതരുമായി വ്യത്യസ്ത തലങ്ങളിൽ ചർച്ച നടത്തിയെന്ന് മിസ്രി പറഞ്ഞു. എന്നാൽ, തീർഥാടകരുടെ സുരക്ഷിതത്വത്തിലാണ് തങ്ങളുടെ ആശങ്കയെന്നാണ് സൗദി പറയുന്നത്.