എറണാകുളം മഹാരാ ജാസ് കോളജ് ഗ്രൗണ്ട് 28-ാമത് ദേശീയ ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാവുമ്പോൾ ട്രാക്കിലും ഫീൽഡിലും തീ പാറിക്കാനെത്തുന്നത് ഒളിമ്പ്യൻമാരുൾപ്പെടെ 580 കായികതാരങ്ങൾ. കേരള സ്‌റ്റേറ്റ് അത്ലറ്റിക് അസോസിയേഷൻ്റെ സംഘാടനത്തിൽ ചാമ്പ്യൻഷീപ് നടക്കുന്നത് തിങ്കളാഴ്‌ച മുതൽ വ്യാഴാഴ്‌ച വരെയാണ്. ഇതിൻ്റെ ഭാഗമായി രാജ്യത്തിൻ്റെ വിവിധ കോണുകളിൽനിന്നെത്തിയ അത്ലറ്റുകൾ അന്തിമഘട്ട പരിശീലനത്തിലാണ്.

ലോങ്‌ജംപിൽ ജെസ്വിൻ ആൽഡ്രിൻ, ട്രിപ്ൾ ജംപിൽ അബ്ദുല്ല അബൂബക്കർ, പ്രവീൺ ചിത്രവേൽ, ഷോട്ട്പുട്ടിൽ തജീന്ദർപാൽ തോർ, 400 മീറ്ററിൽ അമോജ് ജേക്കബ്, മനു ടി.എസ്, മുഹമ്മദ് അനസ്, ജാവലിൻ ത്രോയിൽ കിഷോർകുമാർ ജെന, സച്ചിൻ യാദവ്, 400 മീറ്റർ ഹർഡിൽസിൽ എം.പി ജാബിർ തുടങ്ങിയ താരങ്ങളാണ് മത്സരിക്കാനിറങ്ങുന്നത്. 120ലേറെ വരുന്ന ടെക്‌നിക്കൽ ഒഫിഷ്യൽസാണ് മത്സരങ്ങൾ നിയന്ത്രിക്കുക.

ദക്ഷിണ കൊറിയയിൽ മേയ് 27 മുതൽ നടക്കുന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള പ്രധാന യോഗ്യത മീറ്റ് കൂടിയായതിനാൽ മിക്ക താരങ്ങളും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. ആകെ 38 ഫൈനലുകളാണുള്ളത്. തിങ്കളാഴ്ച രാവിലെ 6.10ന് പുരുഷ വിഭാഗം 10,000 മീറ്റർ ഓട്ടം മത്സരത്തോടെ ട്രാക്കുണരും. അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൻ്റെ അതേ നിലവാരത്തിലാണ് മത്സരങ്ങൾ നടത്തുന്നതെന്ന് കെ.എസ്.എസ്.എ എക്‌സി. വൈസ് പ്രസിഡൻ്റ് മേഴ്സിക്കുട്ടൻ, എ.എഫ്.ഐ പ്രതിനിധി ഡോ. വി.പി. സക്കീർ ഹുസൈൻ, കോമ്പറ്റിഷൻ ഡയറക്ടർ ഹരിദാസ് ഉണ്ണികൃഷ്‌ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു

Related Posts