പത്തനംതിട്ട കോന്നിയിൽ ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലുവയസ്സുകാരൻ മരിച്ച സംഭവത്തിൽ ഉദ്യോഗസ്‌ഥർക്ക് സസ്പെൻഷൻ. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൻ്റെ ചുമതലയുള്ള വനം സെക്‌ഷൻ ഓഫിസർ അനിൽ കുമാർ, ബീറ്റ് ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥരായ സലിം, സതീഷ്, സജിനി, സുമയ്യ ഷാജി എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്. റേഞ്ച് ഓഫിസർ, ഡിഎഫ്‌ഒ എന്നിവരെ സ്‌ഥലം മാറ്റാനും നിർദേശമുണ്ട്. ഫോറസ്‌റ്റ് ചീഫ് കൺസർവേറ്റർ ആർ കമലാഹറിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത് കോൺക്രീറ്റ് തൂണുകളുടെ സുരക്ഷിതത്വം ഉറപ്പാക്കിയില്ലെന്ന കണ്ടെത്തലിലാണ്. കോന്നി ആനക്കൂട്ടിൽ വെള്ളിയാഴ്ച്‌ച ഉച്ചയ്ക്കാണ് അടൂർ കടമ്പനാട് അജിയുടെയും ശാരിയുടെയും മകൻ അഭിരാം കോൺക്രീറ്റ് തൂൺ തലയിൽ വീണ് മരിച്ചത്. അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം രാവിലെ കല്ലേരി അപ്പൂപ്പൻകാവ് ക്ഷേത്രം സന്ദർശിച്ചശേഷമാണ് അഭിരാം ആനത്താവളത്തിലെത്തിയത്. ഇതിനിടെ അഭിരാം വഴിയരികിൽ സ്‌ഥാപിച്ചിരുന്ന കോൺക്രീറ്റ് തൂണിൽ പിടിച്ച് വട്ടം കുറങ്ങുതിനിടെ തൂൺ പിഴുത് വീഴുകയായിരുന്നു.