സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ സ്ഥിതിചെയ്യുന്ന പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) ടവറിന് നേരെ ചൊവ്വാഴ്ച മിസൈൽ ആക്രമണം. കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ ടവറിന് നേരെയുണ്ടായ ആക്രമണത്തിൽ കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക വിവരം.
കെട്ടിടത്തിൽ പതിച്ചത് പ്രൊജക്ടൈൽ മിസൈലാണെന്ന് സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. സംഭവത്തെ ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച സൗദി സഖ്യസേന, ആക്രമണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും അറിയിച്ചു.
സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ആളപായമോ പരിക്കുകളോ ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
സംഭവത്തെത്തുടർന്ന് ടവറിന് സമീപമുള്ള മേഖലയിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിൻ്റെ സാഹചര്യങ്ങളും ഉത്തരവാദികളെയും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.