അറ്റകുറ്റപ്പണികളും അടിയന്തര സാങ്കേതിക പ്രവർത്തനങ്ങളും നടക്കുന്നതിനാൽ നവംബർ 25 ബുധനാഴ്ച ബെംഗളൂരുവിൽ 12 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ജലവിതരണം നിർത്തിവെക്കുന്നത്. ബെംഗളൂരു ജലവിതരണ-അഴുക്കുചാൽ ബോർഡായ (BWSSB) ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.
കാവേരി ജലവിതരണ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലെയും പമ്പിങ് സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചിടുന്നതിനാലാണ് ജലവിതരണത്തിൽ തടസ്സമുണ്ടാകുന്നത്. നഗരത്തിലെ പ്രധാന ജലവിതരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ടി.കെ. ഹള്ളി, ഹരോഹള്ളി, താതഗുണി എന്നിവിടങ്ങളിലെ പമ്പിങ് കേന്ദ്രങ്ങളിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്.
ബെംഗളൂരുവിലേക്ക് തടസ്സമില്ലാതെ കാവേരി വെള്ളം എത്തിക്കുന്നതിനായി പമ്പിങ് സംവിധാനങ്ങളിൽ അടിയന്തര അറ്റകുറ്റപ്പണികൾ, യന്ത്രങ്ങളുടെ മാറ്റിസ്ഥാപിക്കൽ, വാർഷിക അറ്റകുറ്റപ്പണികൾ എന്നിവ നടത്താനാണ് ജലമണ്ഡലിയുടെ തീരുമാനം. കാവേരി മെയിൻ വർക്സ് സോണിന് കീഴിലുള്ള ഈ കേന്ദ്രങ്ങളിലെ ജോലികൾ പൂർത്തിയാക്കുന്നതിനായി എല്ലാ ഘട്ടങ്ങളിലെയും പമ്പിങ് സ്റ്റേഷനുകൾ 12 മണിക്കൂർ അടച്ചിടും.
കാവേരി ജലവിതരണ പദ്ധതിയെ ആശ്രയിക്കുന്ന നഗരത്തിലെ വിവിധ മേഖലകളിൽ വെള്ളം ലഭ്യത കുറയുകയോ പൂർണമായി തടസ്സപ്പെടുകയോ ചെയ്യാം. എന്നാൽ ഓരോ വാർഡിലെയും ബാധിത പ്രദേശങ്ങളുടെ പ്രത്യേക പട്ടിക ജലമണ്ഡലി പുറത്തുവിട്ടിട്ടില്ല. അതിനാൽ കാവേരി വെള്ളത്തെ ആശ്രയിക്കുന്ന വീടുകളും അപ്പാർട്ട്മെന്റുകളും സ്ഥാപനങ്ങളും മുൻകരുതൽ സ്വീകരിക്കേണ്ടതാണ്.
നവംബർ 24 ചൊവ്വാഴ്ച തന്നെ ആവശ്യത്തിന് വെള്ളം സംഭരിച്ചുവെക്കണമെന്ന് ജലമണ്ഡലി നഗരവാസികളോട് അഭ്യർഥിച്ചു. കുടിവെള്ളം, പാചകം, മറ്റ് ദൈനംദിന ആവശ്യങ്ങൾ എന്നിവയ്ക്കുള്ള വെള്ളം മുൻകൂട്ടി കരുതണം. അപ്പാർട്ട്മെന്റുകളിലെ ജലസംഭരണ ടാങ്കുകൾ നിറച്ചുവെക്കാനും നിർദേശമുണ്ട്.
വൈകിട്ട് 6 മണിയോടെ പമ്പിങ് പുനരാരംഭിക്കുമെങ്കിലും എല്ലാ പ്രദേശങ്ങളിലും ഒരേസമയം സാധാരണ നിലയിൽ വെള്ളമെത്തണമെന്നില്ല. പൈപ്പ് ലൈനുകളിലെ സമ്മർദം പുനഃസ്ഥാപിക്കുന്നതിനനുസരിച്ച് വിവിധ മേഖലകളിൽ ഘട്ടംഘട്ടമായിട്ടായിരിക്കും ജലവിതരണം സാധാരണ നിലയിലാകുക.
ജോലികൾ മൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന അസൗകര്യത്തിൽ ജലമണ്ഡലി ഖേദം പ്രകടിപ്പിച്ചു. നഗരത്തിലെ ജലവിതരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള അറ്റകുറ്റപ്പണികളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.