കന്നഡ രാജ്യോത്സവത്തോടും ശിശുദിനത്തോടും അനുബന്ധിച്ച് ബെംഗളൂരുവിലെ കബ്ബൺ പാർക്കിൽ 13 ദിവസം നീളുന്ന പുഷ്പോത്സവം സംഘടിപ്പിക്കുന്നു. ‘ഫ്ലവർ ഫെസ്റ്റിവൽ 2026 – എ ഫ്യൂഷൻ ഓഫ് ആർട്ട് ആൻഡ് കൾച്ചർ’ എന്ന പേരിൽ നവംബർ 25 മുതൽ ഡിസംബർ 7 വരെയാണ് പരിപാടി. സംസ്ഥാന ഹോർട്ടികൾച്ചർ വകുപ്പിൻ്റെ നേതൃത്വത്തിലാണ് പുഷ്പോത്സവം ഒരുക്കുന്നത്.
ഫൗണ്ടൻ സർക്കിൾ മുതൽ ബാൻഡ്സ്റ്റാൻഡ് പരിസരം വഴി ബാൽഭവൻ വരെയുള്ള ഭാഗത്താണ് വിവിധ പൂക്കൾ ഉപയോഗിച്ച് നിർമിച്ച മനോഹരമായ മാതൃകകൾ പ്രദർശിപ്പിക്കുക. ഭുവനേശ്വരി ദേവിയുടെ രൂപം, കർണാടകയുടെ ഭൂപടം, ഹൊയ്സാല വാസ്തുവിദ്യാ മാതൃകകൾ, ഗണ്ഡഭേരുണ്ട, ഇന്ത്യാ ഗേറ്റ്, മെട്രോ ട്രെയിൻ എന്നിവയുടെ പുഷ്പനിർമിതികളാണ് പ്രധാന ആകർഷണങ്ങൾ.
കുട്ടികൾക്കായി പൂക്കൾകൊണ്ട് അലങ്കരിച്ച നൃത്തം ചെയ്യുന്ന മയിലുകൾ, കാർട്ടൂൺ കഥാപാത്രങ്ങൾ, പാണ്ടകൾ, കടൽനക്ഷത്രങ്ങൾ, ആന, ചിത്രശലഭം തുടങ്ങിയ രൂപങ്ങളും ഒരുക്കും. വർണാഭമായ പൂക്കളും പച്ചക്കറികളും ഉപയോഗിച്ച് തയ്യാറാക്കുന്ന പുഷ്പപരവതാനിയും പ്രദർശനത്തിലുണ്ടാകും. പ്രദർശനങ്ങൾക്കായി ഏകദേശം 15 ലക്ഷം മുറിച്ചെടുത്ത പൂക്കൾ ഉപയോഗിക്കുമെന്ന് ഹോർട്ടികൾച്ചർ വകുപ്പ് അധികൃതർ അറിയിച്ചു.
ഫൗണ്ടൻ സർക്കിൾ മുതൽ ബാൽഭവൻ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലായി 1.25 ലക്ഷം അലങ്കാരച്ചെടിച്ചട്ടികളും ക്രമീകരിക്കും. ലിസിയാന്തസ്, പെറ്റൂണിയ, ക്രിസാന്തമം, സെലോഷ്യ, ചെണ്ടുമല്ലി, സീനിയ, സൂര്യകാന്തി, ബിഗോണിയ, ഗസാനിയ തുടങ്ങി വിവിധ ഇനങ്ങളിലുള്ള പൂച്ചെടികളും ഇലച്ചെടികളുമാണ് പ്രദർശനത്തിന്റെ ഭാഗമാകുന്നത്.
പ്രവൃത്തിദിവസങ്ങളിൽ മുതിർന്നവർക്ക് 50 രൂപ, 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശന നിരക്ക്. വാരാന്ത്യങ്ങളിലും സർക്കാർ അവധി ദിവസങ്ങളിലും മുതിർന്നവർക്ക് 80 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് നിരക്ക്.
സന്ദർശകർക്കായി എൻജിഒ സർക്കിൾ, ക്വീൻസ് പാർക്ക്, ഹൈക്കോടതി പരിസരം, ശ്രീ കണ്ഠീരവ സ്റ്റേഡിയം, സെന്റ് ജോസഫ്സ് സ്കൂൾ എന്നിവിടങ്ങളിൽ പണമടച്ചുള്ള പാർക്കിങ് സൗകര്യവും ഒരുക്കും.
നഗരവാസികൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിൽ കലയും സംസ്കാരവും പ്രകൃതിസൗന്ദര്യവും സമന്വയിപ്പിച്ചാണ് ഇത്തവണത്തെ പുഷ്പോത്സവം സംഘടിപ്പിക്കുന്നത്.