വടക്കൻ ബെംഗളൂരുവിലെ മലയാളി യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കേരളത്തിലേക്കുള്ള ഏതാനും ട്രെയിനുകൾ ചിക്കബാനവാര റെയിൽവേ സ്റ്റേഷനിൽനിന്ന് സർവീസ് ആരംഭിക്കണമെന്ന ആവശ്യവുമായി ബിജെപി മലയാളി സെൽ – യെലഹങ്ക രംഗത്ത്. ഇതുസംബന്ധിച്ച് യെലഹങ്ക എംഎൽഎ എസ്.ആർ. വിശ്വനാഥിന് സംഘടന നിവേദനം സമർപ്പിച്ചു.

യെലഹങ്ക, ഹുരുളിച്ചിക്കനഹള്ളി, ഹെസറഘട്ട റോഡ്, ദാസറഹള്ളി, ജാലഹള്ളി അയ്യപ്പക്ഷേത്ര പരിസരം തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി മലയാളികൾ കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിനായി ബെംഗളൂരു സിറ്റി, യശ്വന്ത്പുര റെയിൽവേ സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ ഈ സ്റ്റേഷനുകളിലെത്താൻ നേരിടുന്ന യാത്രാക്ലേശവും നഗരത്തിലെ ഗതാഗതക്കുരുക്കും കണക്കിലെടുത്ത് വികസിച്ചുവരുന്ന ചിക്കബാനവാര റെയിൽവേ സ്റ്റേഷനിൽനിന്ന് ചില ട്രെയിനുകൾ ആരംഭിക്കണമെന്നാണ് ആവശ്യം. 16527 യശ്വന്ത്പുര–കണ്ണൂർ എക്സ്പ്രസ് (സേലം വഴി), 12257 ഗരീബ് രഥ് എക്സ്പ്രസ് എന്നീ ട്രെയിനുകൾ ചിക്കബാനവാരയിൽനിന്ന് ആരംഭിക്കണമെന്നും 12777 എന്ന ട്രെയിനിൻ്റെ സ്റ്റോപ്പേജ് സമയം ദീർഘിപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഇതിനുപുറമെ, റിസർവ് ചെയ്ത കോച്ചുകളിൽ ജനറൽ, അൺറിസർവ്ഡ് ടിക്കറ്റുകളുമായി യാത്ര ചെയ്യുന്നവർ അനധികൃതമായി പ്രവേശിക്കുന്നത് തടയാൻ കർശനമായ ടിക്കറ്റ് പരിശോധനയും നിരന്തര നിരീക്ഷണവും സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

Related Posts