ബംഗ്ലാദേശിൽ രാഷ്ട്രീയ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. നരായിൽ ജില്ലയിൽ ഉണ്ടായ ആക്രമണങ്ങളിൽ അവാമി ലീഗ് നേതാക്കളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും മുപ്പതോളം വീടുകൾ അഗ്നിക്കിരയായി. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ബന്ദർചർ ഗ്രാമത്തിലാണ് വ്യാപകമായ അക്രമസംഭവങ്ങൾ അരങ്ങേറിയത്. ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

മുൻ അവാമി ലീഗ് എംപി കബീറുൽ ഹഖ് മുക്തി, കലിയ മുനിസിപ്പാലിറ്റി മുൻ മേയർ മുഷ്ഫിഖർ റഹ്മാൻ ലിറ്റൺ എന്നിവരുടെ വീടുകളും ആക്രമണത്തിൽ തകർക്കപ്പെട്ടു. നിരവധി വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി പൊലീസ് അറിയിച്ചു.

ഈ മാസം 18ന് ബിഎൻപി സംഘടിപ്പിച്ച ബൈക്ക് റാലിക്കുനേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായാണ് വെള്ളിയാഴ്ചത്തെ അക്രമങ്ങളെന്നാണ് പ്രാഥമിക നിഗമനം. നരായിലിന് പുറമെ പബ്ന ജില്ലയിലെ ബേര മുനിസിപ്പാലിറ്റിയിലും ഇരുപാർട്ടികളുടെയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി.

2024ലെ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന് നിലവിൽ രാജ്യത്ത് നിരോധനമുണ്ട്. ഡിസംബറിൽ ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തുമെന്ന പ്രഖ്യാപനം പുറത്തുവന്നതിനു പിന്നാലെയാണ് രാജ്യത്ത് വീണ്ടും രാഷ്ട്രീയ സംഘർഷം ശക്തമായത്. തുടർന്നുണ്ടായ വിവിധ അക്രമസംഭവങ്ങളിൽ ഇതുവരെ നാലുപേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

Related Posts