ഇന്ത്യയിലെ വിമാനത്താവളങ്ങളെക്കുറിച്ച് നേരത്തേ കേട്ടിരുന്ന കാര്യങ്ങളൊന്നുമല്ല ബെംഗളൂരുവിലെത്തിയപ്പോൾ അനുഭവിക്കേണ്ടിവന്നതെന്ന് തായ്‌ലൻഡ് സ്വദേശിനിയായ നടാഷ കെ. ചാവ്‌ല. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ ആധുനിക സൗകര്യങ്ങളും പ്രകൃതിഭംഗിയും മികച്ച യാത്രാനുഭവവും തന്നെ അത്ഭുതപ്പെടുത്തിയെന്ന് നടാഷ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

ബെംഗളൂരു വിമാനത്താവളത്തിലെ ടെർമിനൽ രണ്ടാണ് നടാഷയുടെ പ്രത്യേക ശ്രദ്ധ നേടിയത്. മുളകൊണ്ടുള്ള മനോഹരമായ നിർമാണങ്ങൾ, പച്ചപ്പുനിറഞ്ഞ അകത്തളങ്ങൾ, തൂങ്ങിക്കിടക്കുന്ന പൂന്തോട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവ വിമാനത്താവളത്തിന് വേറിട്ട ഭംഗി നൽകുന്നുവെന്നാണ് അവരുടെ അഭിപ്രായം. ഒരു സാധാരണ വിമാനത്താവളത്തിലെത്തിയ അനുഭവത്തേക്കാൾ പ്രകൃതിഭംഗി നിറഞ്ഞ റിസോർട്ടിലെത്തിയ പ്രതീതിയാണ് ഇവിടെയുണ്ടായതെന്നും അവർ പറയുന്നു.

വിമാനത്താവളത്തിലെ സേവനങ്ങളുടെ കാര്യത്തിലും നടാഷയ്ക്ക് മികച്ച അനുഭവമാണ് ലഭിച്ചത്. ഇമിഗ്രേഷൻ നടപടികൾ വെറും അഞ്ച് മിനിറ്റിനുള്ളിൽ പൂർത്തിയായപ്പോൾ സുരക്ഷാ പരിശോധനയ്ക്ക് രണ്ട് മിനിറ്റ് മാത്രമാണ് വേണ്ടിവന്നത്. നടപടിക്രമങ്ങളിലെ ഈ വേഗവും സൗകര്യങ്ങളും തന്നെ ഏറെ ആകർഷിച്ചുവെന്നും ഇന്ത്യയെക്കുറിച്ചുള്ള തന്റെ മുൻധാരണകൾ മാറ്റാൻ ഈ യാത്ര സഹായിച്ചുവെന്നും നടാഷ വ്യക്തമാക്കി.

നടാഷയുടെ വീഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ ബെംഗളൂരു വിമാനത്താവളത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമായി. ഇന്ത്യയിലെ വിമാനത്താവളങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ടെന്നും ടെർമിനൽ രണ്ടിൻ്റെ രൂപകൽപ്പന ഏറെ മനോഹരമാണെന്നും നിരവധി പേർ പ്രതികരിച്ചു. അതേസമയം, വിമാനത്താവളത്തിലെത്തിയുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയെങ്കിലും നഗരത്തിലെത്താൻ രണ്ടര മണിക്കൂർ ഗതാഗതക്കുരുക്കിൽ കുടുങ്ങേണ്ടിവന്നുവെന്ന രസകരമായ കമന്റുകളും ശ്രദ്ധ നേടി.

സ്കൈട്രാക്സ് നൽകുന്ന നാല് സ്റ്റാർ എയർപോർട്ട് പദവിയുള്ള കെംപഗൗഡ രാജ്യാന്തര വിമാനത്താവളം, ടെർമിനൽ രണ്ടിൻ്റെ രൂപകൽപ്പനയിലൂടെയും യാത്രക്കാർക്ക് നൽകുന്ന സൗകര്യങ്ങളിലൂടെയും രാജ്യാന്തര ശ്രദ്ധ നേടിയിട്ടുണ്ട്. ശുചിത്വം, സുരക്ഷ, ഇമിഗ്രേഷൻ, ഷോപ്പിങ്, ജീവനക്കാരുടെ സേവനം തുടങ്ങിയ മേഖലകളിലും മികച്ച നിലവാരം പുലർത്തുന്ന ടെർമിനൽ രണ്ടിൻ്റെ പരിസ്ഥിതി സൗഹൃദമായ രൂപകൽപ്പനയും എടുത്തുപറയേണ്ടതാണ്.

ഇന്ത്യയിലെ ആദ്യ യാത്രയിൽ തന്നെ ബെംഗളൂരുവിൻ്റെ ഈ വിമാനത്താവള അനുഭവം മറക്കാനാകാത്തതാക്കി മാറ്റിയിരിക്കുകയാണ് തായ് സഞ്ചാരി നടാഷ.

Related Posts