നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നവംബർ 25ന് കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (BWSSB) അറിയിച്ചു. കാവേരി ജലവിതരണ പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലായി അടിയന്തര അറ്റകുറ്റപ്പണികളും സാങ്കേതിക നവീകരണ പ്രവർത്തനങ്ങളും നടത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിൻ്റെ ഭാഗമായി നവംബർ 25 ബുധനാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ, 12 മണിക്കൂർ പമ്പിങ് സ്റ്റേഷനുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കും.

കാവേരി ജലവിതരണ പദ്ധതിയുടെ പ്രധാന ഭാഗങ്ങളായ ടി.കെ. ഹള്ളി, ഹാരോഹള്ളി, താതഗുണി എന്നിവിടങ്ങളിലെ പമ്പിങ് സ്റ്റേഷനുകളിലാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. പഴയ യന്ത്രസാമഗ്രികൾ മാറ്റിസ്ഥാപിക്കൽ, സാങ്കേതിക തകരാറുകൾ പരിഹരിക്കൽ, ആവശ്യമായ അറ്റകുറ്റപ്പണികൾ, വാർഷിക പരിപാലന പ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാനമായും നടക്കുക. നഗരത്തിലേക്ക് തടസ്സമില്ലാതെ കുടിവെള്ളം എത്തിക്കുന്ന സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കാവേരി ജലവിതരണ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലെയും പമ്പിങ് സ്റ്റേഷനുകൾ പ്രവർത്തനം നിർത്തുന്നതിനാൽ കാവേരി വെള്ളത്തെ ആശ്രയിക്കുന്ന ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും. വീടുകൾ, ഫ്ലാറ്റുകൾ, വാണിജ്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവയെ ഇത് ബാധിക്കാൻ സാധ്യതയുണ്ട്. പമ്പിങ് പുനരാരംഭിച്ചാലും ചില പ്രദേശങ്ങളിൽ സാധാരണ ജലവിതരണം പുനഃസ്ഥാപിക്കാൻ സമയമെടുത്തേക്കാം.

Related Posts