സുൽത്താന് കോടികളുടെ ഇടപാട് അമ്പരന്ന് അന്വേഷണ സംഘം. കഴിഞ്ഞദിവസം എക്സൈസിൻ്റെ പിടിയിലായ കഞ്ചാവും സ്വർണവുമടക്കമുള്ള സാധനങ്ങൾ വിദേശത്തുനിന്നു കടത്തുന്ന സുൽത്താൻ അക്ബർ അലി ഈ രംഗത്തെ അതിവിദഗ്ധനാണെന്ന് കണ്ടെത്തൽ. അഞ്ചിലധികം മൊബൈൽ ഫോണുകളും അതിലധികം സിമ്മുകളും ഇയാൾ ഉപയോഗിക്കുന്നുണ്ട്. ചെന്നൈയിലെ ഇയാളുടെ വീട്ടിൽ എക്സൈസ് പരിശോധിച്ചപ്പോൾ 5 ഫോണുകൾ കണ്ടെത്തി.

ഭാര്യ തസ്‍ലീമാ സുൽത്താനയ്ക്കൊപ്പം ഹൈബ്രിഡ് കഞ്ചാവു കടത്താൻ ആലപ്പുഴയിലേക്കെത്തുമ്പോൾ ഉപയോഗിച്ചത് ഈ ഫോണുകളായിരുന്നില്ല. കൂടുതൽ അന്വേഷണത്തിലും തിരച്ചിലിനുമൊടുവിലാണ് ആലപ്പുഴയിൽ എത്തിയപ്പോൾ ഉപയോഗിച്ച ഫോണും സിമ്മും കണ്ടെത്തിയത്. ഈ ഫോൺ എക്സൈസ് കസ്റ്റഡിയിലെടുത്തു. ശാസ്ത്രീയ പരിശോധന നടത്തും. ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്താൻ ബാങ്ക് അക്കൗണ്ടുകൾ ചോദിച്ചെങ്കിലും ഇല്ല എന്നാണ് മറുപടി. ബാങ്ക് അക്കൗണ്ട് ഉള്ളതായി കണ്ടെത്താൻ അന്വേഷണസംഘത്തിനു സാധിച്ചിട്ടില്ല.

കോടികളുടെ ഇടപാടുകൾ നടത്തുന്നയാൾക്ക് ബാങ്ക് അക്കൗണ്ടില്ലെന്നത് അന്വേഷണസംഘത്തെ അമ്പരിപ്പിക്കുന്നു. ഇതിലെ ദുരൂഹത മാറ്റാൻ കൂടുതൽ അന്വേഷണത്തിലേക്കു കടന്നിരിക്കുകയാണ്. മറ്റാരുടെയെങ്കിലും അക്കൗണ്ടാണോ ഉപയോഗിക്കുന്നതെന്ന സംശയമുണ്ട്. കള്ളക്കടത്തു രംഗത്ത് വർഷങ്ങളായി ഉണ്ടെങ്കിലും ഇയാളുടെ കൈയിൽ നിന്ന് ഇതുവരെ സ്വർണമോ, കഞ്ചാവോ പിടിച്ചതായി രേഖകളില്ല.

അവധിദിനങ്ങൾ തുടർച്ചയായി വരുന്നതിനാൽ അതിനുശേഷം റിമാൻ‍ഡിൽ കഴിയുന്ന പ്രതികളുടെ കസ്റ്റഡി അപേക്ഷ നൽകിയാൽ മതിയെന്ന തീരുമാനത്തിലാണ് എക്സൈസ്. എക്സൈസ് പിടികൂടിയ മൂന്നു പ്രതികളാണ് റിമാൻഡിലുള്ളത്. 3 പേരെയും ഒരുമിച്ചിരുത്തിയും ഒറ്റയ്ക്കും ചോദ്യം ചെയ്താൽ കൂടൂതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എക്സൈസ്.

Related Posts