ബെംഗളൂരുവിലെ സദാശിവനഗറിലുള്ള വീട്ടിൽ നിന്ന് 2.21 കോടി രൂപ വിലമതിക്കുന്ന 1.7 കിലോ സ്വർണാഭരണങ്ങൾ മോഷണം പോയതായി 64കാരനായ വ്യവസായി പൊലീസിൽ പരാതി നൽകി. വീട്ടിൽ താക്കോലുള്ള രണ്ട് ജീവനക്കാരെയാണ് ഇയാൾ സംശയിക്കുന്നത്.
ആർ.എം.വി എക്സ്റ്റൻഷൻ സ്വദേശിയായ എൻ. യതീഷിൻ്റെ ഭാര്യ ശാലിനിയാണ് നവംബർ അഞ്ചിന് ആഭരണങ്ങൾ കാണാതായ വിവരം ശ്രദ്ധിച്ചത്. കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളിൽ 250 മുതൽ 300 ഗ്രാം വരെ മാത്രമാണ് അവശേഷിച്ചത്. അലമാരയ്ക്കോ ലോക്കറിനോ കേടുപാടുകളുണ്ടായിരുന്നില്ല.
2000 മുതൽ ഓഹരി വിപണിയിലെ വരുമാനം ഉപയോഗിച്ച് ഭാര്യയ്ക്കും മകൾക്കുമായി വാങ്ങിയ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പഴയ സ്വർണം വിറ്റ് പുതിയത് വാങ്ങുന്നതിനായി രണ്ട് മാസം മുമ്പാണ് ബാങ്ക് ലോക്കറിൽ നിന്ന് ആഭരണങ്ങൾ വീട്ടിലെത്തിച്ചത്.
കഴിഞ്ഞ മൂന്ന് നാല് വർഷമായി വീട്ടിൽ പ്രവേശിക്കാൻ താക്കോലുള്ള ജീവനക്കാരായ രാജേന്ദ്രകുമാറിനെയും മോഹനെയുമാണ് യതീഷ് സംശയിക്കുന്നത്. കുടുംബം പുറത്തുപോകുമ്പോൾ വളർത്തുനായ്ക്കൾക്കും അക്വേറിയത്തിലെ മീനുകൾക്കും ഭക്ഷണം നൽകാൻ ഇവർ വീട്ടിലെത്താറുണ്ടായിരുന്നു.
ഒക്ടോബർ 22, 23, 29, 30 തീയതികളിലും നവംബർ ഒന്നിനും ഇരുവരും വീട്ടിൽ പ്രവേശിച്ചതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തെങ്കിലും ജീവനക്കാരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. വീട്ടിൽ സിസിടിവി ക്യാമറകളില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.