ശബരിമല തീർഥാടകരെ ലക്ഷ്യമിട്ട് മോഷണം നടത്താനെത്തിയ രണ്ട് തമിഴ്‌നാട് സ്വദേശിനികളെ റാന്നിയിൽ പോലീസ് പിടികൂടി. കോയമ്പത്തൂർ സ്വദേശിനി പാർവതി, തൂത്തുക്കുടി അണ്ണാനഗർ സ്വദേശിനി ഗീത എന്നിവരാണ് പിടിയിലായത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം.
കോഴഞ്ചേരിയിൽ നിന്ന് റാന്നിയിലേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബസ് ജീവനക്കാർ റാന്നി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ഷിന്റോയെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് റാന്നി പോലീസ് സ്റ്റേഷന് മുന്നിലെത്തിയ ബസ് തടഞ്ഞുനിർത്തി പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. വനിതാ പോലീസ് നടത്തിയ പരിശോധനയിൽ ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 21,000 രൂപ കണ്ടെത്തി.
ശബരിമല തീർഥാടകരെ ലക്ഷ്യമിട്ടാണ് ഇരുവരും മോഷണത്തിനെത്തിയതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. വിവിധ സ്ഥലങ്ങളിലായി നടന്ന പത്തോളം മോഷണക്കേസുകളിൽ ഇരുവർക്കും പങ്കുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് അപേക്ഷയോടെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.