15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബെംഗളൂരുവിലെ ജക്കൂർ റെയിൽവേ മേൽപ്പാലം ഇന്ന് (ബുധനാഴ്ച) ഉദ്ഘാടനം ചെയ്യും. 26.16 കോടി രൂപ ചെലവിൽ നിർമിച്ച 443 മീറ്റർ നീളമുള്ള മേൽപ്പാലത്തിൻ്റെ നിർമാണം 2011-ലാണ് ആരംഭിച്ചത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങളാണ് പദ്ധതി വൈകാൻ കാരണമായത്.
2024-ൽ തദ്ദേശ സ്വയംഭരണ സ്ഥാപനം ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാനും ശേഷിച്ച നിർമാണപ്രവർത്തനങ്ങൾ ഏറ്റെടുക്കാനും മുന്നോട്ടുവന്നതോടെയാണ് പദ്ധതി വീണ്ടും സജീവമായത്. ഈ വർഷം ബെംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷൻ (BNCC) നിർമാണം പൂർത്തിയാക്കി. കോമ്പോസിറ്റ് സ്റ്റീൽ ഗർഡറുകളും റീഇൻഫോഴ്സ്ഡ് എർത്ത് വാളുകളും ഉപയോഗിച്ചാണ് മേൽപ്പാലം നിർമിച്ചിരിക്കുന്നത്. ഇരുവശങ്ങളിലേക്കും ഗതാഗതം സാധ്യമാകുന്ന നാല് വരിപ്പാതയാണ് പാലത്തിലുള്ളത്.
റെയിൽവേ ലെവൽ ക്രോസിങ് ഒഴിവാക്കി താനിസന്ദ്ര, ഹെബ്ബാൾ, കൊഗിലു, യെലഹങ്ക, ബല്ലാരി റോഡ് (എയർപോർട്ട് റോഡ്) എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാൻ മേൽപ്പാലം സഹായിക്കും. ഇതുവഴി ഏകദേശം 3 കിലോമീറ്റർ ദൂരവും 15 മിനിറ്റ് യാത്രാസമയവും ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
നോർത്ത് ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വിവിധ പ്രദേശങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും മേൽപ്പാലം സഹായകമാകുമെന്നാണ് വിലയിരുത്തൽ.