ഇന്ദിരാനഗറിലെ ബാംഗ്ലൂർ ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) കോംപ്ലക്സിൽ ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുന്നതിനായി 137 മരങ്ങൾ മുറിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പദ്ധതിക്കെതിരെ ഇന്ദിരാനഗറിലെയും സമീപ പ്രദേശങ്ങളിലെയും ആയിരത്തോളം താമസക്കാരാണ് രംഗത്തെത്തിയത്. മരങ്ങൾ മുറിക്കാനുള്ള അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഇവർ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് (ജിബിഎ) പരാതി നൽകി.

ബിഡിഎ കോംപ്ലക്സ് പുനർവികസിപ്പിച്ച് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാനാണ് പദ്ധതി. പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിലാണ് നിർമാണം ആസൂത്രണം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആകെ 137 മരങ്ങളെ ബാധിക്കുമെന്നാണ് ബിഡിഎയുടെ നിർദേശം.

മഴമരങ്ങൾ, ആൽമരങ്ങൾ, സിൽവർ ഓക്ക് തുടങ്ങിയ മരങ്ങൾ പ്രദേശത്തിൻ്റെ പച്ചപ്പിനും ജൈവവൈവിധ്യത്തിനും നിർണായകമാണെന്നും ഇവ മുറിച്ചുമാറ്റുന്നത് പരിസ്ഥിതിക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.

മരങ്ങൾ മാറ്റിനടുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് ട്രീ എക്സ്പേർട്ട് കമ്മിറ്റി (ടിഇസി) സ്വതന്ത്ര പരിശോധന നടത്തണമെന്നും പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു.
പദ്ധതിക്കെതിരെ കർണാടക ഹൈക്കോടതിയിൽ നിലവിൽ കേസ് പരിഗണനയിലുണ്ട്. കേസിൽ വാദം പൂർത്തിയാക്കി കോടതി വിധി പറയാൻ മാറ്റിവച്ചിരിക്കുകയാണ്. വിധി വരുന്നതിന് മുമ്പ് മരങ്ങൾ മുറിച്ചുമാറ്റുന്നത് പിന്നീട് നിയമനടപടികൾക്ക് അർഥമില്ലാതാക്കുമെന്ന് താമസക്കാർ ആശങ്കപ്പെടുന്നു.

Related Posts