നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നിർദേശിച്ച ഹെബ്ബാൾ ഷോർട്ട് ടണൽ പദ്ധതിയുടെ ഭാഗമായി 1,128 മരങ്ങൾ ബാധിക്കപ്പെടുമെന്ന് പഠനറിപ്പോർട്ട്. അസിം പ്രേംജി സർവകലാശാലയിലെ ഗവേഷകർ നടത്തിയ ദ്രുത പരിസ്ഥിതി ആഘാത വിലയിരുത്തലിലാണ് (Rapid Environmental Impact Assessment) ഇക്കാര്യം വ്യക്തമാക്കുന്നത്.
2.2 കിലോമീറ്റർ ദൈർഘ്യമുള്ള ടണൽ പാതയിലൂടെ 92 ഇനം മരങ്ങളെയും 199 ഇനം പക്ഷികളെയും ബാധിക്കാനിടയുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തൽ. സർവേയിൽ ഉൾപ്പെടുത്തിയ 1,128 മരങ്ങളിൽ 950 എണ്ണത്തിൻ്റെ വിവരങ്ങൾ ലഭ്യമായിരുന്നു. ഇവയിൽ സംഭരിക്കപ്പെട്ടിട്ടുള്ള കാർബണിൻ്റെ അളവ് 77.54 മെട്രിക് ടണ്ണാണെന്നും ഗവേഷകർ കണക്കാക്കുന്നു.
ഹെബ്ബാൾ തടാകം, ട്രീ പാർക്ക്, വെറ്ററിനറി കോളജ് പരിസരം, കാർഷിക സർവകലാശാല ജീവനക്കാരുടെ ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലൂടെയാണ് ടണൽ പാത കടന്നുപോകുന്നത്. ഇവിടങ്ങളിലെ മരങ്ങൾ പക്ഷികൾക്കും മറ്റു ജീവികൾക്കും ഭക്ഷണം, കൂടൊരുക്കാനുള്ള ഇടം, തണൽ എന്നിവ നൽകുന്നവയാണ്. പ്രദേശത്തെ പച്ചപ്പുകൾ നഗരത്തിലെ വന്യജീവികളുടെ സഞ്ചാരത്തിനുള്ള പരിസ്ഥിതി ഇടനാഴികളായും പ്രവർത്തിക്കുന്നു.
പഠനത്തിൽ രേഖപ്പെടുത്തിയ 199 ഇനം പക്ഷികളിൽ വംശനാശഭീഷണി നേരിടുന്ന ഗ്രേറ്റർ സ്പോട്ടഡ് ഈഗിളും വംശനാശസാധ്യതയ്ക്ക് സമീപമുള്ള സ്പോട്ട്-ബിൽഡ് പെലിക്കനും ഉൾപ്പെടുന്നു. 17 ആൽമരങ്ങൾ, 30 മഴമരങ്ങൾ, 173 പേപ്പർ മൾബറി മരങ്ങൾ എന്നിവയും ബാധിക്കപ്പെടുന്നവയുടെ പട്ടികയിലുണ്ട്.
800ലധികം മരങ്ങൾ മറ്റിടങ്ങളിലേക്ക് മാറ്റിനടാനാണ് നിർദേശമെങ്കിലും ഇതിൻ്റെ വിജയസാധ്യതയിൽ ഗവേഷകർ ആശങ്ക പ്രകടിപ്പിച്ചു. മരങ്ങളുടെ വലിയ തോതിലുള്ള കൊമ്പുകൾ മുറിച്ചുമാറ്റുന്നത് അവയുടെ പരിസ്ഥിതിമൂല്യം കുറയ്ക്കുമെന്നും മാറ്റിനടുന്ന മരങ്ങളുടെ അതിജീവനനിരക്ക് സംബന്ധിച്ച് വ്യക്തത വേണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പകരം നടുന്ന തൈകൾ യഥാർഥത്തിൽ വളരുന്നുണ്ടോയെന്നും ഉറപ്പാക്കേണ്ടതുണ്ട്.
ബെംഗളൂരുവിൽ ചൂടും വായുമലിനീകരണവും വർധിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള പച്ചപ്പ് നഷ്ടപ്പെടുന്നത് നഗരത്തിന്റെ പരിസ്ഥിതിയെ കൂടുതൽ ദോഷകരമായി ബാധിക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകി. ഹരിണി നാഗേന്ദ്ര, സീമ മുണ്ടോളി, പ്രാചി ഗുപ്ത, വിവേക് ജി എന്നിവരാണ് പഠനം നടത്തിയത്.