പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാഗിങ്ങിനിരയായി സിദ്ധാർഥനെന്ന വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളേജിലെ 19 വിദ്യാർഥികളെ പുറത്താക്കി. സർവകലാശാലയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഹൈക്കോടതിയെ സർവകലാശാലയുടെ തീരുമാനം അറിയിച്ചു. പ്രതികളായ 19 വിദ്യാർഥികളെയാണ് പുറത്താക്കിയത്.
മറ്റൊരു ക്യാമ്പസിൽ മുമ്പ് ഇവർക്ക് പഠിക്കുന്നതിന് സൗകര്യം ഒരുക്കിയിരുന്നു. അത് ചോദ്യം ചെയ്ത് സിദ്ധാർഥിൻ്റെ കുടുംബമുൾപ്പെടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ആ അപ്പീൽ പരിഗണിച്ചു ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് സർവകലാശാല ആൻ്റി റാഗിങ് കമ്മറ്റിയോട് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഈ റിപ്പോർട്ട് പരിഗണിച്ചാണ് 19 വിദ്യാർഥികളെ സർവകലാശാലയിൽ നിന്ന് പുറത്താക്കിയത്.
അടുത്ത മൂന്നു വർഷത്തേക്ക് ഇവർക്ക് മറ്റൊരു സർവകലാശാലയിലോ ക്യാമ്പസിലോ പഠനത്തിനുള്ള സൗകര്യമൊരുക്കരുതെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ധാർഥനെ 2024 ഫെബ്രുവരി 18-നാണ് തിരുവനന്തപുരം സ്വദേശിയായ ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മർദനമേറ്റതും റാഗിങും പരസ്യവിചാരണയിൽ മാനസികമായി തകർന്നതും സിദ്ധാർഥനെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് ആരോപണം.