മധുരയിലെ തനിഷ്‌ക് ജ്വല്ലറിയിൽ നിന്ന് 20 കിലോ സ്വർണം കവർന്ന കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി. ഇൻഫ്ലുവൻസർ മീനാക്ഷി, കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന നിഷാന്തിൻ്റെ പിതാവ് സുരേഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മധുര സ്വദേശിയായ നിഷാന്തിനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായവരിൽ നിന്ന് അഞ്ച് കിലോ സ്വർണം കണ്ടെടുത്തതായും സൂചനയുണ്ട്.

ഒൻപത് പൊലീസ് സംഘങ്ങളാണ് കവർച്ചക്കേസ് അന്വേഷിക്കുന്നത്. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കൾ ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമരും വാതിലും തകർത്താണ് അകത്തുകയറിയത്. കെട്ടിടത്തിൻ്റെ പിന്നിൽ നിർമാണപ്രവർത്തനങ്ങൾക്കായി സൂക്ഷിച്ചിരുന്ന പണിയായുധങ്ങളാണ് കവർച്ചയ്ക്കായി ഉപയോഗിച്ചത്.

ഷോറൂമിൽ പ്രദർശനത്തിന് വെച്ചിരുന്ന സ്വർണാഭരണങ്ങളായിരുന്നു മോഷ്ടാക്കളുടെ പ്രധാന ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കി. ദീപാവലിയോടനുബന്ധിച്ചാണ് ജ്വല്ലറി ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചത്. സംഭവത്തിൽ കൂടുതൽ പ്രതികൾക്ക് പങ്കുണ്ടോയെന്നും മോഷ്ടിച്ച സ്വർണം എവിടെയെല്ലാം കൈമാറിയെന്നുമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

Related Posts