ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ വേറിട്ട നീക്കവുമായി പോർച്ചുഗൽ ദേശീയ ടീം. യുവേഫ നേഷൻസ് ലീഗിൽ ഡെൻമാർക്കിനെതിരായ മത്സരത്തിലാണ് സഹതാരങ്ങൾ റൊണാൾഡോയ്ക്ക് പ്രത്യേക ആദരമൊരുക്കുന്നത്. മത്സരത്തിന് മുന്നോടിയായി ഗ്രൗണ്ടിലേക്ക് പ്രവേശിക്കുമ്പോൾ പോർച്ചുഗൽ ടീമിലെ താരങ്ങളെല്ലാം റൊണാൾഡോയുടെ ഐതിഹാസികമായ ഏഴാം നമ്പർ ജഴ്സി അണിയും.
മത്സരത്തിൻ്റെ ഏഴാം മിനിറ്റിൽ കളി താൽക്കാലികമായി നിർത്തിവെച്ച് കാണികൾ എഴുന്നേറ്റുനിന്ന് കൈയടികളോടെ താരത്തിന് ആദരമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡണ്ട് പെഡ്രോ പ്രോയൻസ, പരിശീലകൻ ഹൊർഹെ ജെസൂസ്, താരങ്ങളായ ബെർണാർഡോ സിൽവ, റൂബൻ ഡയസ്, ബ്രൂണോ ഫെർണാണ്ടസ് എന്നിവർ ചേർന്നാണ് ഈ പ്രത്യേക ആദരവിന് രൂപം നൽകിയത്. പ്രീ-മാച്ച് ചടങ്ങുകൾ പൂർത്തിയായാൽ താരങ്ങൾ തങ്ങളുടെ പതിവ് ജഴ്സികളിലേക്ക് മടങ്ങും.
അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച റൊണാൾഡോ ഫെഡറേഷൻ ഒരുക്കുന്ന ആദരിക്കൽ പരിപാടികളോട് സഹകരിക്കുന്നില്ലെങ്കിലും താരത്തോടുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കാനാണ് സഹതാരങ്ങൾ ഇത്തരമൊരു നീക്കം നടത്തുന്നത്.