റാങ്ക് പട്ടികയിൽനിന്ന് നിയമനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥി വളർമതിയുടെ ആരോഗ്യനില മോശമായതായി ആശുപത്രി അധികൃതർ. നിലവിൽ ഐസിയുവിൽ കഴിയുന്ന വളർമതി നിരാഹാര സമരം അവസാനിപ്പിച്ചിട്ടില്ല. ഭക്ഷണം കഴിക്കാതെ തുടരുന്നത് ആരോഗ്യനില കൂടുതൽ വഷളാക്കുമെന്ന് ആശുപത്രിയിലെ ആർഎംഒ മുന്നറിയിപ്പ് നൽകി. വളർമതി നിരാഹാരം ആരംഭിച്ചിട്ട് ഇന്ന് 20 ദിവസം പിന്നിട്ടു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്നലെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം, എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ സമരവുമായി ബന്ധപ്പെട്ട് പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പൊലീസ് പൊളിച്ചുനീക്കിയ സമരപ്പന്തലുകൾ വീണ്ടും സ്ഥാപിച്ചതിനാണ് ഡി.വൈ.എഫ്.ഐക്കും എൽ.പി.എസ്.ടി സമരസമിതിക്കുമെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി പൊലീസ് സമരപ്പന്തൽ നീക്കം ചെയ്തെങ്കിലും മണിക്കൂറുകൾക്കകം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ വീണ്ടും പന്തൽ കെട്ടുകയായിരുന്നു. പൊലീസിനെ തടഞ്ഞ സംഭവത്തിൽ യുവമോർച്ച പ്രവർത്തകർക്കെതിരെയും മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സമരം 129-ാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് പൊലീസ് എത്തി സമരസമിതിയുടെ പന്തൽ ബലപ്രയോഗത്തിലൂടെ പൊളിച്ചുനീക്കിയത്. തുടർന്ന് നിരാഹാര സമരം നടത്തുകയായിരുന്ന വളർമതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു ഉദ്യോഗാർത്ഥിയായ ജയകൃഷ്ണൻ നിരാഹാര സമരം ഏറ്റെടുത്തു.
സമരക്കാരെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യാനാണ് പൊലീസ് ശ്രമിച്ചതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു. റാങ്ക് പട്ടികയിൽനിന്ന് അർഹമായ നിയമനം ലഭിക്കണമെന്ന ആവശ്യത്തിൽ സർക്കാർ അനുകൂല തീരുമാനമെടുക്കുന്നതുവരെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഉദ്യോഗാർത്ഥികൾ.