ആഗോള നിക്ഷേപകരെയും പ്രമുഖ സാങ്കേതികവിദ്യാ കമ്പനികളെയും കേരളത്തിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ് സംഘടിപ്പിക്കുന്നു. നവംബർ 24, 25 തീയതികളിൽ അങ്കമാലിയിലെ അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് ദ്വിദിന ഉച്ചകോടി നടക്കുന്നത്. മുഖ്യമന്ത്രി വി.ഡി.സതീശൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ 1,500-ലേറെ പ്രതിനിധികൾ എത്തുമെന്നാണ് പ്രതീക്ഷ.
മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോൺ, റോജി എം ജോൺ, ബിന്ദുകൃഷ്ണ, പി.സി. വിഷ്ണുനാഥ്, ഒ.ജെ. ജനീഷ് തുടങ്ങിയവരും ഉച്ചകോടിയുടെ ഭാഗമാകും. അർജന്റീന, ക്യൂബ, ഇക്വഡോർ, ലെസോത്തോ, മ്യാൻമർ, പരാഗ്വേ, ടിമോർ-ലെസ്റ്റെ, ഉഗാണ്ട, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും നയതന്ത്ര പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.
യൂറോപ്യൻ യൂണിയൻ മുൻ പാർലമെന്റ് അംഗവും മുൻ വൈസ് പ്രസിഡണ്ടുമായ റിസാർഡ് സാർനെക്കി, ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ പ്രസിഡണ്ട് ഡോ.ആസിഫ് ഇക്ബാൽ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ആഗോള സാങ്കേതികവിദ്യാ മേഖലയിലെ പ്രമുഖ കമ്പനികളുടെ പ്രതിനിധികൾ, നിക്ഷേപകർ, വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പ് സംരംഭകർ എന്നിവരും വിവിധ ചർച്ചകളിൽ പങ്കെടുക്കും.
ഇന്റൽ, മൈക്രോസോഫ്റ്റ്, ആമസോൺ, ഫോഴ്സ്പോയിന്റ്, നെറ്റ്സ്കൗട്ട്, വാന്റേജ്, ഗിനിമൈൻഡ്സ്, സി.ടി.ആർ.എൽ.എസ്, ഇൻസ്പാർക്ക്, നെസ്റ്റ്, നോർഡൻ, ഹീൽ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഉച്ചകോടിയിലെ ചർച്ചകൾക്ക് നേതൃത്വം നൽകും.
നെസ്റ്റ് ഡിജിറ്റൽ സി.ഇ.ഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ നസ്നിൻ ജഹാംഗീർ, ഡോ.രത്തൻ യു. കേൽക്കർ, മനോജ് എബ്രഹാം, ബി.എസ്.എൻ.എൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ. റോബർട്ട് ജെ. രവി, അമിതേഷ് കുമാർ സിൻഹ, സോഫ്റ്റ്വെയർ ടെക്നോളജി പാർക്ക്സ് ഓഫ് ഇന്ത്യ ഡയറക്ടർ ജനറൽ അരവിന്ദ് കുമാർ, ഗയ സ്മാർട്ട് സിറ്റീസ് സ്ഥാപകനും ചെയർമാനുമായ ഡോ. സുമിത് ഡി. ചൗധരി തുടങ്ങിയ പ്രമുഖരും വിവിധ സെഷനുകളിൽ സംസാരിക്കും.
സാങ്കേതികവിദ്യ, ഡിജിറ്റൽ പരിവർത്തനം എന്നീ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചവരെ ആദരിക്കുന്നതിനായി ടെക്നോളജി ആൻഡ് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പുരസ്കാരങ്ങളും ഉച്ചകോടിയിൽ സമ്മാനിക്കും. കേരളത്തിൻ്റെ നിക്ഷേപസാധ്യതകൾ ആഗോളതലത്തിൽ പരിചയപ്പെടുത്തുന്നതിനും പുതിയ വ്യവസായ സഹകരണങ്ങൾക്ക് വഴിയൊരുക്കുന്നതിനും ഉച്ചകോടി സഹായകമാകുമെന്നാണ് പ്രതീക്ഷ.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: https://events.bluecloude.com/