പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെള്ളിയാഴ്ചത്തെ ബെംഗളൂരു സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നம்ம മെട്രോ പിങ്ക് ലൈനിൻ്റെ ഉദ്ഘാടനം നിർവഹിക്കുന്നതിനായി ഇന്ന് ബെംഗളൂരുവിലെത്തുന്ന പ്രധാനമന്ത്രി താവരെക്കരെ മുതൽ ഐ.ഐ.എം. ബെംഗളൂരു മെട്രോ സ്റ്റേഷൻ വരെ യാത്രയും നടത്തും. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴികളിലും പരിസര പ്രദേശങ്ങളിലുമാണ് ബെംഗളൂരു ട്രാഫിക് പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ആനേപാള്യ – ഡയറി സർക്കിൾ ഭാഗത്ത് നിയന്ത്രണം

അഡുഗോഡി ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിൽ ബന്നാർഘട്ട റോഡിലൂടെ ആനേപാള്യ ജങ്ഷനിൽനിന്ന് ഡയറി സർക്കിൾ വഴി ജയദേവ ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് താൽക്കാലിക നിയന്ത്രണമുണ്ടാകും. മൈക്രോബാൻഡെ ജങ്ഷൻ, ഡയറി സർക്കിൾ അണ്ടർപാസ് എന്നിവിടങ്ങളിലാണ് നിയന്ത്രണം.

ബദൽ മാർഗങ്ങൾ:

ആനേപാള്യയിൽനിന്ന് ജയദേവ ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് മൈക്രോബാൻഡെ ജങ്ഷനിൽ വലത്തോട്ട് തിരിഞ്ഞ് ന്യൂ മൈക്രോബാൻഡെ റോഡ് വഴി അഡുഗോഡി ജങ്ഷനിലെത്താം. അവിടെനിന്ന് വീണ്ടും വലത്തോട്ട് തിരിഞ്ഞ് ഹൊസൂർ ലസ്കർ മെയിൻ റോഡ് വഴി യാത്ര തുടരാം.

മറ്റൊരു മാർഗമായി ബി.ജി. റോഡ് വഴി ഡയറി സർക്കിൾ സർവീസ് റോഡിലെത്തി ഇടത്തോട്ട് തിരിഞ്ഞ് ഡോ. മാരിഗൗഡ റോഡ് വഴി മഡിവാള ചെക്ക് പോസ്റ്റിലും ഹൊസൂർ റോഡിലും എത്താം.

ജയനഗറിൽ ഗതാഗത നിയന്ത്രണം

മാരേനഹള്ളി മെയിൻ റോഡ് വഴി 28-ാം മെയിൻ റോഡിൽനിന്ന് ജയദേവ ആശുപത്രി ജങ്ഷനിലേക്ക് വരുന്ന വാഹനങ്ങൾക്ക് വി.വി.ഐ.പി. യാത്രയ്ക്കിടെ നിയന്ത്രണമുണ്ടാകും. ഈസ്റ്റ് എൻഡ് ജങ്ഷനിൽനിന്ന് സ്വഗത് ജങ്ഷൻ വഴി ബന്നാർഘട്ട റോഡിലേക്ക് പോകുന്ന വാഹനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

ബദൽ മാർഗങ്ങൾ:

ബനശങ്കരിയിൽനിന്ന് സിൽക്ക് ബോർഡിലേക്ക് പോകുന്ന വാഹനങ്ങൾക്ക് 28-ാം മെയിൻ റോഡിന് പകരം രഗിഗുഡ്ഡ ഡബിൾ ഡെക്കർ റോഡ് ഉപയോഗിക്കാം. എന്നാൽ വി.വി.ഐ.പി. വാഹനവ്യൂഹം കടന്നുപോകുന്ന സമയത്ത് ഈ വഴിയിലും നിയന്ത്രണമുണ്ടാകും.

ഈസ്റ്റ് എൻഡ് ജങ്ഷനിൽനിന്ന് സ്വഗത് ജങ്ഷനിലേക്ക് പോകുന്ന വാഹനങ്ങൾക്ക് 28-ാം മെയിൻ റോഡ്, ഈസ്റ്റ് എൻഡ് റോഡ് എന്നിവ വഴി ആവശ്യാനുസരണം വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞ് സ്വഗത് റോഡ്, ജെ.പി. നഗർ ദാൽമിയ ജങ്ഷൻ എന്നിവിടങ്ങളിലേക്ക് പോകാം.

ജെ.പി. നഗറിൽ നിയന്ത്രണം

15-ാം ക്രോസ്, 24-ാം മെയിൻ റോഡ് ജങ്ഷൻ മുതൽ ബന്നാർഘട്ട റോഡിലെ ജെ.ഡി. മാര ജങ്ഷൻ വരെയുള്ള ഔട്ടർ റിങ് റോഡിൽ വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. ആർ.വി. ഡെന്റൽ ജങ്ഷൻ മുതൽ ബന്നാർഘട്ട മെയിൻ റോഡിലെ ഒൻപതാം ക്രോസ് വരെയും വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബി.പി.എൽ. അരകേരെ മെയിൻ റോഡിൽനിന്ന് ബന്നാർഘട്ട മെയിൻ റോഡിലേക്കുള്ള ഗതാഗതവും തടയും.

ബദൽ മാർഗങ്ങൾ:

15-ാം ക്രോസിൽനിന്ന് ജെ.ഡി. മാര ജങ്ഷനിലേക്ക് പോകുന്ന പതിവ് ഗതാഗതം നിയന്ത്രിക്കുന്നതിനാൽ ഹൊസൂർ റോഡിലേക്ക് പോകുന്ന വാഹനങ്ങൾക്ക് കനകപുര മെയിൻ റോഡ്, ബനശങ്കരി ബസ് സ്റ്റാൻഡ്, 46-ാം ക്രോസ് റോഡ് എന്നിവ വഴി യാത്ര തുടരാം.

ബന്നാർഘട്ട റോഡിലേക്ക് പോകുന്നവർക്ക് കനകപുര മെയിൻ റോഡ് വഴി സഞ്ചരിച്ച് കൊണനകുണ്ടെ ക്രോസ് അല്ലെങ്കിൽ എ2ബി ജങ്ഷനിൽ ഇടത്തോട്ട് തിരിയാം. ബി.പി.എൽ. അരകേരെ മെയിൻ റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് കൊത്തന്നൂർ ദിന്നെ റോഡ് ഉപയോഗിക്കാം.

തളഘട്ടപുരയിലും നിയന്ത്രണം

അഞ്ജനപുര 80 അടി റോഡിൽനിന്ന് ബന്നാർഘട്ട റോഡിലേക്ക് വരുന്ന വാഹനങ്ങൾക്ക് വി.വി.ഐ.പി. വാഹനവ്യൂഹത്തിൻ്റെ യാത്രാസമയത്ത് നിയന്ത്രണമുണ്ടാകും. ഗൊട്ടിഗെരെ തടാകം, കർണാടക ബാങ്ക് എന്നിവയുടെ പരിസരത്തുനിന്ന് ബന്നാർഘട്ട റോഡിലേക്ക് വരുന്ന വാഹനങ്ങൾക്കും നിയന്ത്രണമുണ്ടാകും. ലയോള സ്കൂളിന് മുന്നിലുള്ള റോഡ് വഴി ബന്നാർഘട്ട റോഡിലേക്ക് എത്തുന്ന വാഹനങ്ങൾക്കും യാത്രാവിലക്കുണ്ടാകും.

പാർക്കിങ് നിരോധനം

താഴെപ്പറയുന്ന റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

ജെ.പി. നഗർ രണ്ടാം ഘട്ടത്തിലെ എട്ടാം മെയിൻ റോഡ്.
ദാൽമിയ ജങ്ഷൻ മുതൽ ബന്നാർഘട്ട മെയിൻ റോഡ് വരെയുള്ള 15-ാം ക്രോസ് റോഡ്.
തിലക് നഗറിലെ മാരേനഹള്ളി മെയിൻ റോഡ്.
തിലക് നഗറിലെ ഈസ്റ്റ് എൻഡ് മെയിൻ റോഡ്.
തിലക് നഗറിലെ സ്വഗത് മെയിൻ റോഡ്.
മാരേനഹള്ളിയിലെ 28-ാം മെയിൻ റോഡ്.

നഗരത്തിൽ സുരക്ഷ ശക്തമാക്കി; മൂന്ന് കേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ പരിധിയിൽ ഡ്രോൺ നിരോധനം

പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്. സുരക്ഷാ വീഴ്ചകൾ ഒഴിവാക്കുന്നതിനായി പ്രധാനപ്പെട്ട മൂന്ന് വേദികൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധി താൽക്കാലികമായി ‘നോ ഫ്ലൈ സോൺ’ ആയി പ്രഖ്യാപിച്ചു.

ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം വെള്ളിയാഴ്ച രാവിലെ ഏഴുമണി മുതൽ വൈകിട്ട് നാലുമണി വരെയാണ് നിയന്ത്രണം നിലവിലുണ്ടാകുക. ഈ സമയത്ത് ഡ്രോണുകൾ ഉൾപ്പെടെയുള്ള പറക്കുന്ന ഉപകരണങ്ങളുടെ ഉപയോഗത്തിന് നിരോധനമുണ്ടാകും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് യാത്രക്കാർ ഗതാഗത നിയന്ത്രണങ്ങൾ മുൻകൂട്ടി മനസ്സിലാക്കി യാത്ര ക്രമീകരിക്കണമെന്ന് ട്രാഫിക് പോലീസ് നിർദേശിച്ചു.

Related Posts