വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിലെത്തും. ബെംഗളൂരുവിലും മൈസൂരുവിലുമായി 15,600 കോടി രൂപയിലധികം ചെലവുവരുന്ന പദ്ധതികളാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുക. മെട്രോ, റെയിൽവേ, ഊർജം, മാലിന്യസംസ്‌കരണം തുടങ്ങിയ മേഖലകളിലെ പദ്ധതികളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും സന്ദർശനത്തിൻ്റെ ഭാഗമാണ്.

രാവിലെ 10.45-ന് ബെംഗളൂരുവിലെ സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സംസ്ഥാൻ ആസ്ഥാനമായ പ്രശാന്തി കുടീരത്തിൽ നടക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളിൽ മോദി പങ്കെടുക്കും. സ്ഥാപനത്തിലെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൻ്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.

ഉച്ചയ്ക്ക് 12.45-ന് ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈനിൽ കലേന അഗ്രഹാര മുതൽ താവരെക്കെരെ വരെയുള്ള 7.5 കിലോമീറ്റർ പാതയുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് താവരെക്കെരെ മുതൽ ഐ.ഐ.എം. ബെംഗളൂരു സ്റ്റേഷൻ വരെ മെട്രോയിൽ യാത്ര ചെയ്യും.

ബെംഗളൂരുവിലെ എസ്.എം.വി.ടി. റെയിൽവേ സ്റ്റേഷനിൽ ബെംഗളൂരു–മംഗളൂരു–മഡ്ഗാവ് (ഗോവ) റൂട്ടിലോടുന്ന പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

ഉച്ചയ്ക്ക് 1.15-ന് 15,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കും. ഇതിൻ്റെ ഭാഗമായി നാല് അമൃത് ഭാരത് റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും നടക്കും.

തുടർന്ന് മൈസൂരുവിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി കാസർകോട് സ്വദേശിയും ഗുജറാത്തിലെ മലയാളി വ്യവസായിയുമായ ആർ.കെ. നായരുടെ കെ.സി. ലേഔട്ടിലെ ഭാരത വനം പദ്ധതിയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 3.30-ന് നിർവഹിക്കും. രണ്ടുലക്ഷം ചെടികൾ നട്ടുപരിപാലിക്കുന്നതാണ് പദ്ധതി.

വൈകിട്ട് അഞ്ചിന് കോസ്മോസ് എജുക്കേഷൻ ആൻഡ് റിസർച്ച് പരിശീലന കേന്ദ്രവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പരിപാടികൾ പൂർത്തിയാക്കിയശേഷം റോഡുമാർഗം മൈസൂരു വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം വൈകിട്ട് ആറിന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങും.

Related Posts