നിരന്തരമായ പീഡനത്തെത്തുടർന്ന് 35കാരി ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ്. ലോണുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുന്ന ജോലിക്കാരനായ സ്വകാര്യ ബാങ്ക് ജീവനക്കാരൻ രാജശേഖർ (43) ആണ് കൊല്ലപ്പെട്ടത്.
ലക്ഷ്മിപുരയിലാണ് രാജശേഖറും ഭാര്യ മാലശ്രീയും താമസിച്ചിരുന്നത്. അഞ്ചുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വീട്ടമ്മയായ മലശ്രീയും ഭർത്താവും പകൽ സമയങ്ങളിൽ സാധാരണ നിലയിലായിരുന്നെങ്കിലും രാത്രി മദ്യപിച്ച് വീട്ടിലെത്തുന്ന രാജശേഖർ തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ബുധനാഴ്ച രാത്രിയും ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതോടെ പ്രകോപിതയായ മലശ്രീ അടുക്കളയിൽനിന്ന് കത്തിയെടുത്ത് രാജശേഖറിൻ്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജശേഖർ രക്തത്തിൽ കുളിച്ച് നിലത്തുവീണു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവത്തിൽ കെ.ജി.നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയായ മാലശ്രീയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. താൻ രണ്ടുമാസം ഗർഭിണിയാണെന്ന് മാലശ്രീ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാൻ നിർദേശിച്ചതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.