യു.എ.ഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഇരട്ട സഹോദരങ്ങളായ മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), ഇവരുടെ സഹോദരി ഫർസാനയുടെ മകൻ മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച അർധരാത്രിയോടെ ഫുജൈറ കോടതിക്ക് സമീപം ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിലായിരുന്നു അപകടം. കുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന കാർ ട്രക്കിൻ്റെ പിന്നിലിടിച്ചാണ് ദുരന്തമുണ്ടായത്. അപകടത്തിൽ ഒന്നിലധികം വാഹനങ്ങൾ ഉൾപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

മലപ്പുറം എ.ആർ നഗർ കുന്നുംപുറം സ്വദേശിയായ സിദ്ദീഖിൻ്റെ മക്കളാണ് മരിച്ച ഇരട്ട സഹോദരങ്ങൾ. സിദ്ദീഖിൻ്റെ മകളുടെ മകനാണ് ഫായിസ്. ഫുജൈറയിൽ കഫറ്റീരിയ നടത്തുന്ന സിദ്ദീഖ് കുടുംബസമേതം അവിടെയാണ് താമസിക്കുന്നത്.

അപകടത്തിൽ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയിൽ ആശ്വാസകരമായ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ ഫുജൈറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts