ഇന്ത്യയും യുഎസും ഇടക്കാല വ്യാപാരക്കരാർ 48 മണിക്കൂറിനുള്ളിൽ ഒപ്പു വയ്ക്കുമെന്ന് റിപ്പോർട്ട്. വാഷിങ്ടണിൽ വ്യാപാരക്കരാർ ചർച്ചയ്ക്കായി എത്തിയ രാജേഷ് അഗർവാൾ നേതൃത്വം നൽകുന്ന ഇന്ത്യൻ സംഘം മടങ്ങുന്നത് നീട്ടിവച്ചിട്ടുണ്ട്. യുഎസ് ഇന്ത്യയ്ക്കുമേൽ ചുമത്തിയ തീരുവ മരവിപ്പിച്ചതിൻ്റെ അവസാനദിനമായ ജൂലൈ 9നു മുൻപ് കരാറിൽ തീരുമാനത്തിലെത്താനാണ് ഇന്ത്യയുടെ ശ്രമം. ഇന്ത്യ വിപണി ജനിതക മാറ്റം വരുത്തിയ വിളകൾക്കായി തുറന്നുകൊടുക്കണമെന്ന യുഎസിൻ്റെ ആവശ്യത്തിലുൾപ്പെടെ അഭിപ്രായവ്യത്യാസം ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്നുണ്ട്.

ഇന്ത്യ ജനിതകമാറ്റം വരുത്തിയ ചോളം, സോയാബീൻ, അരി, ഗോതമ്പ് എന്നിവയ്ക്കുള്ള തീരുവയിൽ ഇളവു വരുത്തണമെന്ന യുഎസിൻ്റെ ആവശ്യം നിരസിച്ചു. യുഎസിൻ്റെ ഇന്ത്യൻ കാർഷിക, ക്ഷീര വിപണികൾ കൂടുതൽ തുറന്നു നൽകണമെന്ന ആവശ്യത്തിലും ഇന്ത്യ എതിർപ്പുന്നയിച്ചിട്ടുണ്ട്. അതേസമയം ഗ്രാമീണ ജനതയുടെ വരുമാനത്തെയും ഭക്ഷ്യസുരക്ഷയെയും ബാധിക്കുന്ന വിഷയമായതിനാൽ കാർഷിക, ക്ഷീര മേഖലകൾ ഇടക്കാല കരാറിൽനിന്ന് ഒഴിവാക്കിയേക്കുമെന്നാണ് സൂചനയെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ലതർ, ചെരുപ്പ്, തുണിത്തരങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിക്ക് തീരുവ ഇളവ് ലഭ്യമാക്കാൻ യുഎസിനുമേൽ ഇന്ത്യ സമ്മർദം തുടരുകയാണ്. അടുത്ത 3 വർഷത്തിനുള്ളിൽ ഇന്ത്യ-യുഎസ് വ്യാപാരക്കരാർ യാഥാർഥ്യമായാൽ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മുന്നിരട്ടിയാകുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്സ്പോർട്ട് ഓർഗനൈസേഷൻ സിഇഒ അജയ് സഹായ് പറഞ്ഞു. കഴിഞ്ഞദിവസം കരാർ അന്തിമഘട്ടത്തിലാണെന്നു ഉടൻ ഒപ്പുവയ്ക്കുമെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും വ്യക്തമാക്കിയിരുന്നു.

Related Posts