കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി. ദിവ്യക്കെതിരായ ബിനാമി ആരോപണത്തിൽ കാർട്ടൺ അലയൻസ് ഇന്ത്യ കമ്പനിയുടെ മാനേജിങ് ഡയറക്ടർ മുഹമ്മദ് ആസിഫിൻ്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് മൊഴിയെടുത്തത്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ പി.പി. ദിവ്യ ടെൻഡർ നടപടികൾ പാലിക്കാതെ കാർട്ടൺ അലയൻസ് ഇന്ത്യ എന്ന സ്വകാര്യ കമ്പനിക്ക് നിർമാണ കരാറുകൾ നൽകിയെന്നാണ് പ്രധാന ആരോപണം. ഏകദേശം 12 കോടി രൂപയുടെ ക്രമക്കേട് നടന്നതായും കമ്പനി ദിവ്യയുടെ ബിനാമി സ്ഥാപനമാണെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. എന്നാൽ ആരോപണങ്ങൾ ഇതുവരെ അന്വേഷണത്തിലൂടെ സ്ഥിരീകരിച്ചിട്ടില്ല.
കേസുമായി ബന്ധപ്പെട്ട് നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിലും കാർട്ടൺ അലയൻസ് ഇന്ത്യയുടെ ഓഫീസിലും വിജിലൻസ് പരിശോധന നടത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് കമ്പനി എം.ഡിയുടെ മൊഴി രേഖപ്പെടുത്തിയത്. കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാറുകളുമായി ബന്ധപ്പെട്ട രേഖകളും ജി.എസ്.ടി അടച്ചതിന്റെ രേഖകളും ഹാജരാക്കാനും കമ്പനിയോട് വിജിലൻസ് നിർദേശിച്ചിരുന്നു.
കഴിഞ്ഞ സർക്കാരിൻ്റെ കാലത്താണ് മുഹമ്മദ് ഷമ്മാസ് വിജിലൻസിന് പരാതി നൽകിയത്. എന്നാൽ അന്ന് അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയിരുന്നില്ല. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
വിജിലൻസ് ഉത്തരമേഖലാ എസ്.പിക്കാണ് അന്വേഷണത്തിൻ്റെ ചുമതല. കരാർ അനുവദിച്ചതിലെ നടപടിക്രമങ്ങൾ, സാമ്പത്തിക ഇടപാടുകൾ, കമ്പനിയുടെ ഉടമസ്ഥാവകാശം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.