പാൽ, തൈര്, പനീർ ഉൾപ്പെടെയുള്ള പാലുൽപ്പന്നങ്ങളുടെ പാക്കറ്റുകളിൽ പുതിയ ലോഗോ നിർബന്ധമാക്കാനൊരുങ്ങി ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്.എസ്.എസ്.എ.ഐ. പാലുൽപ്പന്നങ്ങൾ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി നീലയും വെള്ളയും നിറത്തിലുള്ള പ്രത്യേക ലോഗോയാണ് പാക്കറ്റുകളിൽ പതിപ്പിക്കുക.

നീല ചതുരത്തിനുള്ളിൽ വെളുത്ത തുള്ളിയുടെ രൂപത്തിലാണ് പുതിയ ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പാൽ, തൈര്, പനീർ, സംയോജിത പാൽ ഉൽപ്പന്നങ്ങൾ തുടങ്ങി എല്ലാ വിഭാഗം പാലുൽപ്പന്നങ്ങളുടെയും പാക്കേജുകളിൽ ഈ ലോഗോ ഉൾപ്പെടുത്തണം. പുതിയ ലേബലിംഗ് സംവിധാനം 2028 ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരും.

പാലുൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നതിനൊപ്പം പാലിനെയും പാലുൽപ്പന്നങ്ങളെയും കുറിച്ചുള്ള അവബോധവും ധാരണയും വർധിപ്പിക്കുകയാണ് പുതിയ സംവിധാനത്തിൻ്റെ ലക്ഷ്യമെന്ന് എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കി.

2026ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ (ലേബലിംഗും പ്രദർശനവും) സംബന്ധിച്ച രണ്ടാം ഭേദഗതി ചട്ടങ്ങളുടെ ഭാഗമായാണ് പുതിയ ലോഗോ സംവിധാനം അവതരിപ്പിക്കുന്നത്. ഇതിൻ്റെ ഭാഗമായി 2020ലെ ലേബലിംഗ് ചട്ടങ്ങളിൽ ഭേദഗതി വരുത്തും.

പുതിയ സംവിധാനം നടപ്പാകുന്നതോടെ വിപണിയിലെ വിവിധ പാലുൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Related Posts