കർണാടക ചിത്രകലാ പരിഷത്ത് സംഘടിപ്പിക്കുന്ന 24-ാമത് ചിത്രസന്തേയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചിത്രകാരന്മാർക്കും കലാകാരന്മാർക്കും പങ്കെടുക്കുന്നതിനായി ഓൺലൈനായി അപേക്ഷിക്കാം. നവംബർ 15 ആണ് രജിസ്ട്രേഷൻ അവസാന തീയതി.

2027 ജനുവരി 3 ഞായറാഴ്ച ബെംഗളൂരുവിലെ കുമാരകൃപ റോഡിലാണ് ചിത്രസന്തേ സംഘടിപ്പിക്കുന്നത്. ചിത്രകലാ രംഗത്തെ കലാകാരന്മാർക്ക് തങ്ങളുടെ സൃഷ്ടികൾ പൊതുജനങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കാനും വിൽക്കാനും അവസരമൊരുക്കുന്ന ഇന്ത്യയിലെ ശ്രദ്ധേയമായ കലാമേളകളിലൊന്നാണ് ചിത്രസന്തേ.

രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ചിത്രകാരന്മാർ, ശിൽപികൾ, പരമ്പരാഗത കലാകാരന്മാർ, പുതുതലമുറയിലെ കലാപ്രതിഭകൾ തുടങ്ങിയവർ മേളയിൽ പങ്കെടുക്കും. എണ്ണച്ചായ ചിത്രങ്ങൾ, ജലച്ചായ ചിത്രങ്ങൾ, പെൻസിൽ ഡ്രോയിങ്ങുകൾ, സ്കെച്ചുകൾ, മൈസൂർ പെയിന്റിങ്ങുകൾ, ശിൽപങ്ങൾ, കരകൗശല വസ്തുക്കൾ, വിവിധ പരമ്പരാഗത കലാരൂപങ്ങൾ എന്നിവ പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി ഒരുക്കും.

പ്രശസ്തരായ കലാകാരന്മാർക്കൊപ്പം പുതുതായി കലാരംഗത്തേക്ക് കടന്നുവരുന്നവർക്കും തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള മികച്ച വേദിയാണിത്. കലാകാരന്മാർക്ക് നേരിട്ട് കലാസൃഷ്ടികൾ വിൽക്കാനും കലാസ്വാദകരുമായി സംവദിക്കാനും ചിത്രസന്തേ അവസരമൊരുക്കുന്നു.

മുൻ വർഷങ്ങളിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരത്തിലധികം സ്റ്റാളുകളും ലക്ഷക്കണക്കിന് സന്ദർശകരുമാണ് ചിത്രസന്തേയിൽ പങ്കെടുത്തത്. 2026-ൽ നടന്ന 23-ാമത് ചിത്രസന്തേയിൽ 22 സംസ്ഥാനങ്ങളിൽനിന്നും നാല് കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമായി 1,530 സ്റ്റാളുകൾ ഒരുക്കിയിരുന്നു. ഏകദേശം ആറുലക്ഷം പേർ മേള സന്ദർശിക്കുകയും ചെയ്തിരുന്നു.

വെബ്സൈറ്റ് chitrasanthe.in

Related Posts