സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും വ്യാഴാഴ്ചയും ഇടിമിന്നലോടുകൂടിയ മഴ ലഭിക്കാനാണ് സാധ്യത.
അതേസമയം, അടുത്ത അഞ്ച് ദിവസത്തേക്കുള്ള കാലാവസ്ഥാ പ്രവചനത്തിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.
തെക്കൻ ആൻഡമാൻ കടലിലും സമീപ പ്രദേശങ്ങളിലും ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിൻ്റെ സ്വാധീനഫലമായി വെള്ളിയാഴ്ചയോടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്.
ഇത് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ശക്തി കൂടിയ ന്യൂനമർദമായി മാറുകയും ചെയ്തേക്കും.
തെക്കുകിഴക്കൻ അറബിക്കടലിലും സമീപ ലക്ഷദ്വീപ് മേഖലയിലും ചക്രവാതച്ചുഴി നിലനിൽക്കുന്നു.
മന്നാർ കടലിടുക്കിലും സമീപ പ്രദേശങ്ങളിലും മറ്റൊരു ചക്രവാതച്ചുഴിയുണ്ട്.
ഈ കാലാവസ്ഥാ സാഹചര്യങ്ങളുടെ സ്വാധീനത്തിൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.