വിമാനം പുറപ്പെടുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ഹൈജാക്ക് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് കൊൽക്കത്ത വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന ശക്തമാക്കി. മുംബൈയിലേക്ക് സർവീസ് നടത്താൻ തയ്യാറെടുത്തിരുന്ന എയർ ഇന്ത്യയുടെ AI 772 വിമാനത്തിലാണ് സംഭവം. എയർബസ് A320neo വിഭാഗത്തിൽപ്പെട്ട വിമാനത്തിൽ നിന്നാണ് അപായസൂചന ലഭിച്ചത്.

വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് ഹൈജാക്ക് സന്ദേശം കൈമാറുകയായിരുന്നു. ഇതോടെ അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കുകയും വിമാനം കൂടുതൽ പരിശോധനകൾക്കായി ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ചെയ്തു.

വിമാനത്തിലെ ശുചിമുറിക്കുള്ളിലെ കണ്ണാടിയിൽ ഹൈജാക്കുമായി ബന്ധപ്പെട്ട സന്ദേശം എഴുതിവെച്ചിരുന്നതായാണ് പ്രാഥമിക വിവരം. ഇതാണ് പൈലറ്റിൻ്റെ ശ്രദ്ധയിൽപ്പെട്ടതെന്നും സൂചനയുണ്ട്.

സംഭവത്തെ തുടർന്ന് വിമാനത്തിൽ വിശദമായ സുരക്ഷാ പരിശോധനകൾ ആരംഭിച്ചു. എന്നാൽ കണ്ണാടിയിൽ സന്ദേശം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

Related Posts