മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി കേസിൽ പങ്കില്ലെന്ന ലോകായുക്ത ‘ബി’ റിപ്പോർട്ടിനെ ചോദ്യം ചെയ്ത് എൻഫോഴ്സസ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച ഹരജിയിൽ വിധി ഏപ്രിൽ 15 ലേക്ക് മാറ്റി. ബംഗളൂരുവിലെ പ്രത്യേക കോടതി ഹർജിയിൽ ഇരുഭാഗത്തിൻ്റെയും വാദം കേട്ട് വിധി മാറ്റിവെക്കുകയായിരുന്നു. ലോകായുക്തയുടെ അഭിഭാഷകൻ വെങ്കിടേഷ് അരബാട്ടി ഇ.ഡി സമർപ്പിച്ച ഹർജി നിയമപ്രകാരം അനുവദനീയമല്ലെന്ന് വാദിച്ചു.

ഇ.ഡിയുടെ ഹർജിയിൽ അന്വേഷണം സംബന്ധിച്ച് വ്യക്തതയില്ല. ഇ.ഡി ഒരു കത്തും 27 രേഖകളും ലോകായുക്ത പൊലീസിന് നൽകിയിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിൽ ലോകായുക്ത അന്വേഷണ ഉദ്യോഗസ്ഥൻ ‘ബി’ റിപ്പോർട്ട് സമർപ്പിച്ചു.ഇഡിയുടെ കത്തും മാധ്യമങ്ങൾക്ക് ചോർന്നു. ഈ കത്തും രേഖകളും കുറ്റപത്രത്തിൻ്റെ 646-ാം പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകായുക്ത അന്വേഷണ ഉദ്യോഗസ്ഥൻ്റെ അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്.

പൊലിസും മറ്റുള്ളവരും ശേഖരിച്ച എല്ലാ രേഖകളും ലോകായുക്ത അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിച്ചതായും കേസിൽ മൂന്നാം കക്ഷിയായ ഇ.ഡിക്ക് ഇടപെടാൻ അനുവാദം നൽകിയാൽ അത് സങ്കീർണതകൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വാദിച്ചു. കേസിൽ ഇഡി ഒരു പരാതിപ്പെട്ട കക്ഷിയല്ല. ‘ബി’ റിപ്പോർട്ടിനെ ചോദ്യം ചെയ്യാൻ ഇ.ഡിക്ക് അവകാശമില്ല. അത്തരമൊരു ഇടക്കാല അപേക്ഷ ഫയൽ ചെയ്യാൻ ഇഡിക്ക് അനുവാദമില്ലെന്ന് സുപ്രീം കോടതി വിധിയെ ഉദ്ധരിച്ച് ലോകായുക്ത അഭിഭാഷകൻ വാദിച്ചു.

Related Posts