ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലുണ്ടായ വെടിവെപ്പിൽ രാഷ്ട്രപതിയുടെ അംഗരക്ഷക സേനയിലെ ജവാന് ഗുരുതരമായി പരിക്കേറ്റു. ബാഗ്പത് സ്വദേശിയായ സൗരഭ് തോമർ (26) ആണ് വെടിയേറ്റത്. മീററ്റിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തിൻ്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ദീപാവലി ആഘോഷിക്കാനായി അവധിയിൽ നാട്ടിലെത്തിയതായിരുന്നു സൗരഭ്. വീടിന് പുറത്ത് സഹോദരങ്ങൾക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ അയൽവാസികളായ ധീരജ്, മോനു എന്നിവരുമായി തർക്കമുണ്ടാവുകയായിരുന്നു. വാക്കേറ്റം രൂക്ഷമായതോടെ ധീരജ് നാടൻ തോക്ക് ഉപയോഗിച്ച് വെടിയുതിർത്തു. ചുമരിൽ തട്ടിത്തെറിച്ച വെടിയുണ്ട സൗരഭിൻ്റെ തലയുടെ പിൻഭാഗത്ത് തുളച്ചുകയറുകയായിരുന്നു.
പരിക്കേറ്റ സൗരഭിനെ ഉടൻ ബറോത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മീററ്റിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ശസ്ത്രക്രിയയിലൂടെ തലയിൽ കുടുങ്ങിയ വെടിയുണ്ട ഡോക്ടർമാർ പുറത്തെടുത്തെങ്കിലും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നാണ് വിവരം.
2021-ലാണ് സൗരഭ് കരസേനയിൽ പ്രവേശിച്ചത്. രാഷ്ട്രപതി ഭവനിലെ സുരക്ഷാ ചുമതലയുള്ള, കരസേനയുടെ സുപ്രധാന വിഭാഗങ്ങളിലൊന്നായ രാഷ്ട്രപതിയുടെ അംഗരക്ഷക സേനയുടെ ഭാഗമാണ് അദ്ദേഹം.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയൽക്കാരായ ഇരു കുടുംബങ്ങളും തമ്മിൽ നേരത്തെ കാര്യമായ തർക്കങ്ങളോ ശത്രുതയോ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. നിസ്സാരമായ തർക്കം വെടിവെപ്പിലേക്ക് നീങ്ങിയ സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.