ഓട്ടോ-ടാക്സി നിരക്കുകൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഓട്ടോത്തൊഴിലാളികൾ ബുധനാഴ്ച അർധരാത്രി മുതൽ 24 മണിക്കൂർ സൂചനാപണിമുടക്ക് നടത്തും. ഓട്ടോ-ടാക്സി സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിക്കുന്നത്.
നിലവിലെ നിരക്കിൽ മാറ്റം വരുത്തി ഒന്നര കിലോമീറ്ററിന് മിനിമം ചാർജ് 50 രൂപയാക്കണമെന്നും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 20 രൂപ ഈടാക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു. കൂടാതെ, മുഴുദിവസത്തെ വെയിറ്റിങ് ചാർജ് 500 രൂപയായി ഉയർത്തണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
സി.ഐ.ടി.യു., എ.ഐ.ടി.യു.സി. തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളാണ് പണിമുടക്കിൻ്റെ വിവരങ്ങൾ പത്രസമ്മേളനത്തിലൂടെ അറിയിച്ചത്. അതേസമയം, ഐ.എൻ.ടി.യു.സി., എസ്.ടി.യു. തുടങ്ങിയ സംഘടനകൾ സമരത്തിൽ പങ്കെടുക്കുന്നില്ല. എന്നാൽ, അവസാന നിമിഷം അവരും സമരത്തിനൊപ്പം ചേരുമെന്ന പ്രതീക്ഷയുണ്ടെന്ന് സംയുക്ത സമിതി നേതാക്കൾ വ്യക്തമാക്കി.