ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി ബാംഗ്ലൂർ ഡെവലപ്‌മെന്റ് അതോറിറ്റി (BDA) നടപ്പാക്കുന്ന മെഖ്രി സർക്കിൾ–ഹെബ്ബാൾ ഇന്റഗ്രേറ്റഡ് കോറിഡോർ പദ്ധതി 18 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അറിയിച്ചു.

ബെല്ലാരി റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും യാത്രക്കാർക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്കെതിരായ വിമർശനങ്ങളോട് പ്രതികരിച്ച ശിവകുമാർ, ബെംഗളൂരുവിലെ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കാൻ ബദൽ റോഡുകൾ അനിവാര്യമാണെന്ന് പറഞ്ഞു.

“നമ്മൾ ടണൽ റോഡ് നിർമിച്ചാലും എലിവേറ്റഡ് കോറിഡോർ നിർമിച്ചാലും പ്രതിപക്ഷം എതിർക്കുകയാണ്. ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കണമെങ്കിൽ ബദൽ പാതകൾ നിർമിക്കേണ്ടതുണ്ട്. ഒന്നുകിൽ റോഡുകൾക്ക് മുകളിലൂടെ മേൽപ്പാലങ്ങൾ നിർമിക്കണം, അല്ലെങ്കിൽ ഭൂമിക്കടിയിലൂടെ തുരങ്കങ്ങൾ നിർമിക്കണം. റോഡുകൾ വീതികൂട്ടാൻ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ കഴിയുമോ?” അദ്ദേഹം ചോദിച്ചു. എലിവേറ്റഡ് റോഡ് പദ്ധതിക്കായി പ്രതിരോധ വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള ഭൂമി സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിവകുമാർ അറിയിച്ചു.

നിർമാണം നടക്കുമ്പോൾ ഗതാഗതം പൂർണമായും തടസ്സപ്പെടുത്തില്ലെന്നും അദ്ദേഹം യാത്രക്കാർക്ക് ഉറപ്പുനൽകി. ചില പ്രത്യേക സമയങ്ങളിൽ ഭാരവാഹനങ്ങൾക്കും ചരക്ക് വാഹനങ്ങൾക്കും താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയേക്കാം. മറ്റ് വാഹനങ്ങളുടെ ഗതാഗതം പൂർണമായി നിർത്തിവെക്കില്ല. യാത്രക്കാർക്കുള്ള ബുദ്ധിമുട്ട് കുറയ്ക്കാൻ ഏകദേശം 9 കോടി രൂപ ചെലവിൽ ബദൽ റോഡുകൾ വികസിപ്പിച്ചുവരികയാണ്.

ഇന്റഗ്രേറ്റഡ് കോറിഡോറിൻ്റെ ഭാഗമായുള്ള ചെറിയ ടണൽ 16 കിലോമീറ്റർ ദൈർഘ്യമുള്ള പ്രത്യേക ടണൽ റോഡ് പദ്ധതിയിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും ശിവകുമാർ വ്യക്തമാക്കി. ബെംഗളൂരുവിലെ ഒരു ഭാഗത്തെ ഗതാഗതക്കുരുക്ക് മറ്റൊരു ഭാഗത്തേക്ക് മാറാതിരിക്കാനും നഗരത്തിലുടനീളം സുഗമമായ ഗതാഗതം ഉറപ്പാക്കാനുമായി ഒന്നിലധികം പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Posts