വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ തത്കാൽ, ആർഎസി, വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റ് സൗകര്യങ്ങൾ ഉണ്ടായിരിക്കില്ല. കൺഫേം ടിക്കറ്റുകൾ മാത്രമേ അനുവദിക്കൂവെന്ന് റെയിൽവേ വ്യക്തമാക്കി. യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്ത് ബെർത്ത് ഉറപ്പാക്കിയവർക്ക് മാത്രമായിരിക്കും യാത്രയ്ക്ക് അവസരം.

തത്കാൽ ബുക്കിങ് സൗകര്യമില്ലാത്തതിനാൽ മുൻകൂട്ടിയുള്ള റിസർവേഷൻ സംവിധാനത്തിലൂടെ മാത്രമേ ടിക്കറ്റ് ലഭിക്കൂ. ഓരോ ക്ലാസിലും നിശ്ചിത നിരക്ക് മാത്രമായിരിക്കും ഈടാക്കുക. യാത്രക്കാരുടെ തിരക്കോ ടിക്കറ്റ് ബുക്ക് ചെയ്യുന്ന തീയതിയും യാത്രാദിവസവും തമ്മിലുള്ള വ്യത്യാസമോ അനുസരിച്ച് നിരക്കിൽ മാറ്റമുണ്ടാകില്ല.

16 കോച്ചുകളുള്ള ഓരോ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലും ഫസ്റ്റ് എസി, സെക്കൻഡ് എസി, തേർഡ് എസി വിഭാഗങ്ങളിലായി ആകെ 823 ബെർത്തുകളാണുള്ളത്. ഇതിൽ 611 എണ്ണം തേർഡ് എസിയിലാണ്. സെക്കൻഡ് എസിയിൽ 188 ബെർത്തുകളും ഫസ്റ്റ് എസിയിൽ 24 ബെർത്തുകളുമുണ്ട്.

തേർഡ് എസി കോച്ചുകളിൽ ഓരോന്നിലും ആറ് ബെർത്തുകൾ വീതം വനിതാ യാത്രക്കാർക്കായി മാറ്റിവെച്ചിട്ടുണ്ട്. ഔദ്യോഗിക പാസിൽ യാത്ര ചെയ്യുന്ന റെയിൽവേ ജീവനക്കാർക്കായി 21 ബെർത്തുകളും അനുവദിച്ചിട്ടുണ്ട്.

നിലവിൽ ഹൗറ–കാമാഖ്യ (ഗുവാഹത്തി), ന്യൂഡൽഹി–വാരണസി (കാശി), മുംബൈ സിഎസ്എംടി–എസ്എംവിടി ബെംഗളൂരു എന്നീ മൂന്ന് റൂട്ടുകളിലാണ് വന്ദേഭാരത് സ്ലീപ്പർ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

കൺഫേം ടിക്കറ്റ് മാത്രം അനുവദിക്കുന്നതിലൂടെ യാത്രക്കാർക്ക് ഉറപ്പായ ബെർത്ത് ലഭ്യമാക്കുന്നതിനും ട്രെയിനിലെ തിരക്ക് നിയന്ത്രിക്കുന്നതിനുമാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

Related Posts