കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് കടത്ത് പിടികൂടി. ബാങ്കോക്കിൽ നിന്ന് ബെംഗളൂരുവിലെത്തിയ യാത്രക്കാരിൽ നിന്ന് 50 കിലോയിലധികം ഹൈഡ്രോപോണിക് കഞ്ചാവാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരിമരുന്നിന് അനധികൃത വിപണിയിൽ 17 കോടി രൂപയിലധികം വില വരുമെന്നാണ് കസ്റ്റംസ് കണക്കാക്കുന്നത്.
നവംബർ ആറിന് പുലർച്ചെ വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ എത്തിയ യാത്രക്കാരുടെ ലഗേജുകൾ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. തായ് എയർവേയ്‌സിന്റെ TG 325 വിമാനത്തിലാണ് ഇവർ ബാങ്കോക്കിൽ നിന്ന് എത്തിയത്. വ്യാഴാഴ്ച രാത്രി പത്തിന് ബാങ്കോക്കിൽ നിന്ന് പുറപ്പെട്ട വിമാനം വെള്ളിയാഴ്ച അർധരാത്രിയോടെയാണ് ബെംഗളൂരുവിലെത്തിയത്.
കസ്റ്റംസ് ഉദ്യോഗസ്ഥർ നൽകിയ വിവരമനുസരിച്ച് ബദ്റുദ്ദീൻ അൻസാരി (45), കേതൻ (22), സ്റ്റീഫൻ യങ് (49), മൈസൂരു നഞ്ചൻഗുഡിൽ നിന്നുള്ള തൻവീർ ഖാൻ എന്നിവരാണ് പിടിയിലായത്.
ഇവർ വ്യത്യസ്ത ടിക്കറ്റുകളിലാണ് യാത്ര ചെയ്തിരുന്നത്. പരസ്പരം ബന്ധമുള്ളവരാണെന്നതിന് പ്രാഥമിക പരിശോധനയിൽ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.