ബംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിൽ അതിവേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കേരള ആർ.ടി.സി ബസിന് നേരെ മുട്ടയെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമം. യാത്രക്കാരുടെ ജീവന് കടുത്ത ഭീഷണി ഉയർത്തുന്നതാണ് ഈ അതിക്രമം. അതിവേഗത്തിൽ പോകുന്ന വാഹനങ്ങളുടെ മുൻവശത്തെ ചില്ലിലേക്ക് വസ്തുക്കൾ എറിയുമ്പോൾ ഡ്രൈവർമാരുടെ കാഴ്ച പെട്ടെന്ന് മറയുകയും വാഹനം നിയന്ത്രണം വിട്ടുപോകാൻ ഇടയാക്കുകയും ചെയ്യും. എങ്കിലും, ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയൊരു ദുരന്തം ഒഴിവായത്. ബുധനാഴ്ച രാത്രി 9:30-ഓടെയായിരുന്നു സംഭവം.

സമീപകാലത്ത് കെ.എൽ രജിസ്ട്രേഷനുള്ള വാഹനങ്ങൾക്ക് നേരെ വിവിധ രീതിയിലുള്ള ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരണപ്പെട്ട അതേ സ്ഥലത്തുവെച്ചാണ് ഈ സംഭവവും ഉണ്ടായിട്ടുള്ളത് എന്നത് ഇതിൻ്റെ ഗൗരവം വർധിപ്പിക്കുന്നു.

ആൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു നേതാക്കളുടെ അഭ്യർത്ഥനയെ തുടർന്ന് അഫ്സൽ ബിദടിയുടെ നേതൃത്വത്തിൽ പോലീസിൽ പരാതി നൽകി. പോലീസും എ.ഐ.കെ.എം.സി.സി പ്രവർത്തകരും സംഭവസ്ഥലം സന്ദർശിച്ചു പരിശോധന നടത്തിയിട്ടുണ്ട്.

വാഹനങ്ങൾ തടഞ്ഞുനിർത്തി കൊള്ളയടിക്കുകയോ വലിയ അപകടങ്ങൾ വരുത്തിവെക്കുകയോ ചെയ്യാനുള്ള ക്രിമിനൽ സംഘങ്ങളുടെ ഗൂഢനീക്കമാണോ ഇതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അതിനാൽ ഇത്തരം സംഭവങ്ങളെ വെറും ഒറ്റപ്പെട്ട അക്രമമായി കാണാതെ ഗൗരവകരമായ കുറ്റകൃത്യമായി കണ്ട് അന്വേഷണം നടത്തണമെന്നും ഹൈവേകളിലെ ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും, കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള, കർണാടക ആഭ്യന്തര-ഗതാഗത വകുപ്പ് മന്ത്രിമാർക്കും ഉന്നത അധികാരികൾക്കും ആൾ ഇന്ത്യ കെഎംസിസി ബംഗളുരു പരാതി നൽകിയിട്ടുണ്ട്.

Related Posts