കേരളത്തിൻ്റെ തനതായ അനുഷ്ഠാന കലാരൂപങ്ങളെയും സാംസ്കാരിക പാരമ്പര്യത്തെയും പരിചയപ്പെടുത്തുന്ന പ്രത്യേക പ്രഭാഷണം നവംബർ 12ന് ബെംഗളൂരുവിൽ നടക്കും. ‘കേരളത്തിൻ്റെ അപൂർവ പാരമ്പര്യകലാരൂപങ്ങൾ’ എന്ന വിഷയത്തിൽ വൈകിട്ട് ആറിന് ബാംഗ്ലൂർ ഇന്റർനാഷണൽ സെന്ററിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ചിത്രകാരനും ശിൽപിയുമായ ബാലൻ നമ്പ്യാർ മുഖ്യപ്രഭാഷണം നടത്തും. കേരളത്തിൻ്റെ പുരാതന വിശ്വാസങ്ങളോടും ഐതിഹ്യങ്ങളോടും ചേർന്നുനിൽക്കുന്ന അപൂർവ അനുഷ്ഠാന കലാരൂപങ്ങളുടെ ചരിത്രവും സാംസ്കാരിക പ്രാധാന്യവും പ്രഭാഷണത്തിൽ വിശദീകരിക്കും.
മാവിലക്കാവിലെ അടി, തിറ, കുമ്മാട്ടി, കിണംകളി, ഭദ്രകാളിപ്പാട്ട് തുടങ്ങിയ കലാരൂപങ്ങളെക്കുറിച്ചായിരിക്കും പ്രധാനമായും ചർച്ച. ഇവയുടെ ഉത്ഭവം, ചരിത്രകഥകൾ, ആചാരാനുഷ്ഠാനങ്ങൾ, വിശ്വാസങ്ങളുടെ പ്രതീകവൽക്കരണം എന്നിവയും കേരളത്തിൻ്റെ സാംസ്കാരിക ജീവിതത്തിൽ ഇത്തരം കലാരൂപങ്ങൾ ചെലുത്തിയ സ്വാധീനവും പരിപാടിയിൽ അവതരിപ്പിക്കും.
കേരളത്തിൻ്റെ തനത് കലാപാരമ്പര്യത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്ക് പരിപാടി പ്രയോജനകരമാകും. പ്രവേശനം സൗജന്യമാണ്.
വെബ്സൈറ്റ്: bangaloreinternationalcentre.org