തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിൽ തടാകത്തിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥിനികളും അവരെ രക്ഷിക്കാൻ ശ്രമിച്ച വനിതാ വാർഡനും മുങ്ങിമരിച്ചു. തിരുവണ്ണാമലൈക്ക് സമീപമുള്ള പെൺകുട്ടികളുടെ സർക്കാർ സംരക്ഷണ കേന്ദ്രത്തിൽ താമസിച്ച് പഠിച്ചിരുന്ന വിജയലക്ഷ്മി, അല്ലി, ഭൂമിക, വള്ളിയമ്മാൾ എന്നിവരാണ് മരിച്ച വിദ്യാർഥിനികൾ. കേന്ദ്രത്തിലെ വനിതാ വാർഡനായ തേന്മൊഴിയും അപകടത്തിൽ മരിച്ചു. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
ദീപാവലി അവധിയുടെ ഭാഗമായി വിദ്യാർഥിനികൾക്ക് അവധി നൽകിയിരുന്നു. ഈ സമയത്താണ് നാല് കുട്ടികളും വാർഡനായ തേന്മൊഴിക്കൊപ്പം സമുത്തിരം തടാകത്തിൽ കുളിക്കാനെത്തിയത്. ഇതിനിടെ വിദ്യാർഥിനികൾ അബദ്ധത്തിൽ തടാകത്തിൽ മുങ്ങുകയായിരുന്നു.
കുട്ടികളെ രക്ഷപ്പെടുത്താൻ ശ്രമിച്ച വാർഡനും വെള്ളത്തിൽ മുങ്ങി. തുടർന്ന് നടത്തിയ തിരച്ചിലിൽ അഞ്ചുപേരുടെയും മൃതദേഹങ്ങൾ തടാകത്തിൽ നിന്ന് കണ്ടെടുത്തു. സംഭവം പ്രദേശത്ത് വലിയ ദുഃഖത്തിനിടയാക്കി.