ശിവമൊഗ്ഗയിലും ബംഗളുരുവിലുമായി വ്യാജ സ്വർണ വായ്‌പ്പാ കേസുമായി ബന്ധപ്പെട്ട് എട്ടിലധികം സ്ഥലങ്ങളിൽ എൻഫോഴ്സ്സ്മെൻ്റ് ഡയറക്ട‌റേറ്റ് (ഇ.ഡി) ചൊവ്വാഴ്‌ച റെയ്ഡ് നടത്തി. വ്യാജ സ്വർണാഭരണങ്ങൾ ഈടായി സ്വീകരിച്ച് ശിവമൊഗ്ഗ ജില്ല സഹകരണ സെൻട്രൽ (ഡി.സി.സി) ബാങ്കിൽ 62 കോടിയിലധികം രൂപയുടെ വായ്‌പ നൽകിയെന്നാണ് കേസ്. ഇ.ഡി ഉദ്യോഗസ്ഥർ ബാങ്കിലെ മുൻ വനിത മാനേജരുടെയും മുൻ ബാങ്ക് പ്രസിഡൻ്റിൻ്റെ ഡ്രൈവറുടെയും വസതികളിൽ റെയ്‌ഡ് നടത്തി. നിലവിലെ മാനേജരുടെ വസതിയിലും ഓഫിസിലും റെയ്‌ഡ് നടന്നു.

എല്ലായിടത്തും ഒരേസമയമായിരുന്നു പരിശോധന. ബാങ്കിൻ്റെ ജനറൽ മാനേജർ ജൂലൈയിൽ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് തട്ടിപ്പ് പുറത്തായത്. ശിവമോഗ്ഗയിലെ ദൊഡ്ഡപേട്ട് പൊലീസ്, തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയും ശിവമൊഗ്ഗ ഡി.സി.സി ബാങ്ക് മുൻ പ്രസിഡന്റുമായ ആർ.എൻ. മഞ്ജുനാഥ് ഗൗഡയെ അറസ്റ്റ് ചെയ്തിരുന്നു. ഗൗഡയെയും മറ്റ് ആറ് ഭരണസമിതി അംഗങ്ങളെയും സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് അയോഗ്യരാക്കിയിരുന്നു.

Related Posts