നഗരത്തിലെ മാലിന്യസംസ്കരണവും ശേഖരണവും കാര്യക്ഷമമാക്കുന്നതിനായി പുതിയ കരാർ അടിസ്ഥാനത്തിലുള്ള സംവിധാനം നാല് നിയമസഭാ മണ്ഡലങ്ങളിൽ നവംബർ അവസാനത്തോടെ നടപ്പാക്കും. ഗോവിന്ദരാജനഗർ, മഹാലക്ഷ്മി ലേഔട്ട്, വിജയനഗർ, ചാമരാജ്പേട്ട് മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ പുതിയ സംവിധാനം ആരംഭിക്കുന്നത്. ഡിസംബറിൽ ചിക്ക്പേട്ടയിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഗ്രേറ്റർ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ അറിയിച്ചു.
വികാസ് സൗധയിൽ ശനിയാഴ്ച ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി നിർദേശങ്ങൾ നൽകിയത്. പുതിയ സംവിധാനം നിലവിൽ വരുമ്പോൾ വീടുകളിൽനിന്നുള്ള ദൈനംദിന മാലിന്യശേഖരണം തടസ്സപ്പെടരുതെന്നും പഴയ സംവിധാനത്തിൽനിന്ന് പുതിയതിലേക്കുള്ള മാറ്റം സുഗമമാക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പുതിയ സംവിധാനപ്രകാരം മാലിന്യശേഖരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളിലും ജിപിഎസ് ട്രാക്കിങ് നിർബന്ധമാക്കും. ജിപിഎസ് വഴി സ്ഥിരീകരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കരാറുകാർക്ക് പണം അനുവദിക്കുക. ട്രാക്കിങ് സംവിധാനം പ്രവർത്തിക്കാത്ത വാഹനങ്ങൾക്ക് അന്നത്തെ ദിവസത്തെ ബിൽ അനുവദിക്കില്ല. ഇതിലൂടെ വാഹനങ്ങൾ കൃത്യമായി സർവീസ് നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ലക്ഷ്യം.
നവംബർ അവസാനത്തോടെ വാഹനങ്ങളുടെ ബോഡി നിർമാണവും മറ്റ് സജ്ജീകരണങ്ങളും പൂർത്തിയാക്കി മുഴുവൻ വാഹനങ്ങളും നിരത്തിലിറക്കാൻ കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ വാഹനങ്ങൾക്കും ഒരേ രീതിയിലുള്ള ബ്രാൻഡിങ് നൽകും. ശുചീകരണ തൊഴിലാളികൾക്ക് പുതിയ യൂണിഫോമുകളും വിതരണം ചെയ്യും.
ബില്ലിങ് നടപടികൾ സോഫ്റ്റ്വെയർ അധിഷ്ഠിതമാക്കുന്നതിനൊപ്പം സിസ്റ്റം ജനറേറ്റഡ് ബില്ലിങ്, ഡിജിറ്റൽ നിരീക്ഷണം, കേന്ദ്ര സർക്കാരിന്റെ വാഹന പോർട്ടലായ വാഹൻ (VAHAN) എന്നിവയും ഉപയോഗപ്പെടുത്തും. ഇതുവഴി മാലിന്യശേഖരണത്തിലെ ക്രമക്കേടുകൾ തടയാനും കരാറുകാരുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.
റോഡരികിൽ മാലിന്യം തള്ളുന്നത് തടയാൻ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. പതിവായി മാലിന്യം കുമിഞ്ഞുകൂടുന്ന ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി ഇല്ലാതാക്കുന്നതിനൊപ്പം നിയമലംഘകർക്കെതിരെ കർശന നടപടികളും സ്വീകരിക്കും.