ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന മെട്രോ ബ്ലൂ ലൈനിൻ്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു. ശനിയാഴ്ച ബൈയപ്പനഹള്ളി മെട്രോ ഡിപ്പോയിലെ പ്രത്യേക ടെസ്റ്റ് ട്രാക്കിലാണ് ആദ്യഘട്ട പരീക്ഷണ ഓട്ടം നടത്തിയത്. വിമാനത്താവളത്തിലേക്കുള്ള മെട്രോ കണക്റ്റിവിറ്റിയുടെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങളിൽ നിർണായക ചുവടുവയ്പ്പായാണ് ഇതിനെ കാണുന്നത്.

ബ്ലൂ ലൈൻ സർവീസിനായി ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (BEML) നിർമിച്ച പുതിയ ട്രെയിൻ സെറ്റാണ് പരീക്ഷണ ഓട്ടത്തിന് ഉപയോഗിച്ചത്. ട്രെയിനിൻ്റെ വൈദ്യുത സംവിധാനങ്ങൾ, ബ്രേക്കിങ് സംവിധാനം, മറ്റ് സാങ്കേതിക സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനക്ഷമതയാണ് പ്രധാനമായും പരിശോധിച്ചത്. ട്രാക്കിലെ സാങ്കേതിക തടസ്സങ്ങളും ട്രെയിൻ സുരക്ഷിതമായി ഓടുന്നതിനുള്ള സൗകര്യങ്ങളും വിലയിരുത്തുകയും ചെയ്തു.

ഡിപ്പോയിലെ പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷം അടുത്തയാഴ്ച മുതൽ പ്രധാന പാതയിലേക്കും പരീക്ഷണ ഓട്ടം വ്യാപിപ്പിക്കാനാണ് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൻ്റെ (BMRCL) നീക്കം. ദീപാവലി അവധിക്കുശേഷം ആവശ്യത്തിന് തൊഴിലാളികളെ ലഭ്യമാകുന്നതിന് അനുസരിച്ചായിരിക്കും തുടർപരിശോധനകൾ.

സിൽക്ക് ബോർഡ് മുതൽ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെയാണ് ബ്ലൂ ലൈൻ വിഭാവനം ചെയ്തിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് നിർമാണം. – ഫേസ് 2A: സെൻട്രൽ സിൽക്ക് ബോർഡ് മുതൽ കെ.ആർ. പുരം വരെ 19.75 കിലോമീറ്റർ. 13 സ്റ്റേഷനുകളാണ് ഈ ഭാഗത്തുള്ളത്. – ഫേസ് 2B: കെ.ആർ. പുരം മുതൽ വിമാനത്താവളം വരെ 38.44 കിലോമീറ്റർ ദൈർഘ്യം. എച്ച്എസ്ആർ ലേഔട്ട്, അഗര, ബെല്ലന്ദൂർ, കടുബീസനഹള്ളി, മരത്തഹള്ളി, മഹാദേവപുര, കെ.ആർ. പുരം തുടങ്ങിയ പ്രധാന ഐടി മേഖലകളിലൂടെയാണ് ആദ്യഘട്ട പാത കടന്നുപോകുന്നത്. രണ്ടാംഘട്ടത്തിൽ നാഗവാര, ഹെബ്ബാൾ, യെലഹങ്ക തുടങ്ങിയ പ്രദേശങ്ങൾ വഴി വിമാനത്താവളത്തിലെത്തും.

ബ്ലൂ ലൈൻ യാഥാർഥ്യമാകുന്നതോടെ ഔട്ടർ റിങ് റോഡിലെ ഐടി സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാർക്കും വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർക്കും വലിയ ആശ്വാസമാകും. സിൽക്ക് ബോർഡ്, കെ.ആർ. പുരം, നാഗവാര എന്നിവിടങ്ങളിൽ മറ്റ് മെട്രോ ലൈനുകളുമായുള്ള കണക്റ്റിവിറ്റിയും യാത്രക്കാർക്ക് പ്രയോജനപ്പെടും.

എന്നാൽ പരീക്ഷണ ഓട്ടം ആരംഭിച്ചെങ്കിലും യാത്രക്കാർക്കായുള്ള സർവീസ് തുടങ്ങുന്നതിന് മുൻപ് സിഗ്നലിങ് സംവിധാനങ്ങളുടെ സംയോജനം, സുരക്ഷാ പരിശോധനകൾ, മറ്റ് സാങ്കേതിക പരീക്ഷണങ്ങൾ എന്നിവ പൂർത്തിയാക്കി ആവശ്യമായ അനുമതികൾ നേടേണ്ടതുണ്ട്.

Related Posts